സാമൂഹിക പ്രതിബദ്ധതയോടെ പ്രവാസി മലയാളി
മനാമ: നാട്ടിൽ ഒരു റോഡോ പാലമോ വരുമ്പോൾ പണം നൽകിയാൽ പോലും ഭൂമി വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ചില മലയാളികളിൽ നിന്നും വ്യത്യസ്‍തനാവുകയാണ് ബഹ്‌റൈനിലെ സാമൂഹ്യ സേവന രംഗത്തും പൊതു പ്രവർത്തന രംഗത്തും അറിയപ്പെടുന്ന പ്രവാസി മലയാളി പി പി ചാക്കുണ്ണി.അദ്ദേഹത്തിൻറെ നാട്ടിൽ എറണാകുളം ജില്ലയിൽ കാലടിക്കടുത്ത് ഒക്കലിൽ ഒരു സർക്കാർ ആയുർവേദ ആശുപത്രിയും അങ്കണവാടിയും നിർമ്മിക്കാൻ സ്‌ഥലലഭ്യത പ്രശ്നമായപ്പോൾ ഒട്ടും മടിക്കാതെ മുപ്പത് ലക്ഷത്തോളം രൂപ മുടക്കി അദ്ദേഹം വാങ്ങിയ പതിനഞ്ച് സെൻറ്റ് സ്ഥലം സർക്കാറിലേക്ക് കൈമാറിയിരിക്കുകയാണ് അദ്ദേഹം.ബഹ്‌റൈനിലെ വ്യത്യസ്ത മേഖലകളിൽ സജീവ സാന്നിധ്യമായ, 'ചാക്കുണ്ണിയേട്ടൻ ' എന്ന് ആദരപൂർവ്വം മലയാളികൾ വിളിക്കുന്ന അദ്ദേഹം സീറോമലബാർ സൊസൈറ്റി , കേരള കാത്തോലിക് അസോസിയേഷൻ എന്നിവയിലെ മുൻ പ്രസിഡൻറ്റും സജീവ പ്രവർത്തകനും, യൂണിറ്റാഗ് ഗ്രൂപ്പിൻറ്റെ സി ഇ ഒ യുമാണ്.
പരേതരായ തന്റെ മാതാപിതാക്കളുടെയും സഹോദരൻറ്റെയും ഓർമ്മയ്ക്ക് കൂടി വേണ്ടിയാണ് നാട്ടിലെ സാധാരണക്കാർക്ക് വലിയ സഹായമാകുന്ന സംരംഭത്തിന് വേണ്ടി ഈ കാരുണ്യ പ്രവർത്തി ചെയ്തത്. സ്വന്തം ജന്മനാട്ടിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ നല്ല സ്ഥാപനങ്ങൾ ഉയർന്നുവരണം എന്ന ലക്ഷ്യത്തോടെയാണ് ചാക്കുണ്ണി തൻറ്റെ സ്ഥലം ഒക്കൽ പഞ്ചായത്തിന് വിട്ടുനൽകിയത്. സീറോ മലബാർ സൊസൈറ്റി "സിംസ് ഹോം ഫോർ ഹോംലെസ്സ്" പദ്ധതിയിൻകീഴിൽ വച്ച് നൽകിയ പതിനൊന്ന് വീടുകളിൽ മൂന്നെണ്ണം സ്പോൺസർ ചെയ്തതും അദ്ദേഹം ആയിരുന്നു.
കൂടാതെ നിരവധിയായ വിദ്യാഭ്യാസ സഹായങ്ങൾ, വൈദ്യ സഹായങ്ങൾ എന്നിവ നൽകുന്നതിലും ശ്രദ്ധാലുവായ അദ്ദേഹം സമൂഹത്തിൻറ്റെ നന്മക്കായുള്ള പ്രവർത്തനങ്ങളിൽ എന്നും സജീവമായി നിലകൊള്ളുന്ന ഒരു സവിശേഷ വ്യക്തിത്വമാണ്. തന്റെ മക്കളുടെയും കുടുംബത്തിന്റെയും പൂർണ്ണ പിന്തുണയും പ്രോത്സാഹനവുമാണ് ഇത്തരം പ്രവർത്തനങ്ങളിൽ സജീവമാകാൻ തന്നെ പ്രേരിപ്പിക്കുന്നതെന്നും ചാക്കുണ്ണി പറഞ്ഞു. പി പി ചാക്കുണ്ണിയുടെ പ്രവർത്തനങ്ങളെ ബഹ്‌റിനിലെ സാമൂഹികരംഗത്തെ പ്രമുഖർ അഭിനന്ദിച്ചു.

