അനധികൃത താമസം; ഒടുവിൽ രോഗശയ്യയിൽ ; നാട്ടിൽ പോകാൻ കഴിയാതെ നിരവധി പ്രവാസികൾ


മനാമ: വിസ കാലാവധി കഴിഞ്ഞും പാസ്പോർട്ടോ മറ്റു രേഖകളോ ഇല്ലാതെ രാജ്യത്തു തങ്ങുന്നവർ നിരവധിയാണ്.ചിലർ കമ്പനികളുടെ പിടിവാശിക്കും തെറ്റായ നടപടികളും മൂലം നാട്ടിൽ പോകാൻ കഴിയാതെയും കേസിന്റെ നൂലാമാലകളിലും പെട്ടും മറ്റു ചിലർ നാട്ടിലേയ്ക്ക് പോകാൻ കഴിയാത്ത സാഹചര്യത്തിലുമാണ്  അനധികൃതമായി രാജ്യത്തു തങ്ങിക്കൊണ്ടും അനധികൃത ജോലികൾ ചെയ്തുകൊണ്ടും  ജീവിതം മുന്നോട്ട് നയിക്കുന്നത്. അസുഖബാധിതനായി ആശുപത്രിയിൽ കിടക്കുമ്പോഴോ  അജ്ഞാതൻ എന്ന ലേബലിൽ ആരാലും അറിയപ്പെടാതെ അബോധാവസ്‌ഥയിൽ റോഡരികിൽ കിടക്കുമ്പോഴോ മാത്രമാണ് പലപ്പോഴും ഇത്തരക്കാരുടെ അവസ്‌ഥ സമൂഹം അറിയുന്നത്. 
 
കുറച്ച് മാസങ്ങൾക്കിടയിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇത്തരത്തിലുള്ള നിരവധി ആളുകളാണ് സൽമാനിയ ആശുപത്രിയിൽ എത്തിപ്പെട്ടത് . അവിടെ നിന്ന് സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിൽ ചുരുക്കം ചില ഇന്ത്യക്കാർക്ക് നാട്ടിലേയ്ക്ക് മടങ്ങാൻ കഴിയുന്നുണ്ടെങ്കിലും മറ്റു പലരും ആശുപത്രിയിൽ നിന്ന് പോലീസിൽ അറിയിച്ചത് പ്രകാരം ഡിറ്റൻഷൻ സെന്ററുകളിലോ അനധികൃത താമസത്തിന് ശിക്ഷ അനുഭവിച്ചോ കാലം കഴിച്ചു കൂട്ടുകയാണ്. 
 
ചെറിയ  കേസുകൾ മുതൽ ലക്ഷക്കണക്കിന് സാമ്പത്തിക ബാധ്യത ഉള്ളവർ വരെ ജയിലിനകത്തും പുറത്തുമായി  'പ്രവാസ  'ജീവിതം നയിക്കുന്നുണ്ട്.
നാട്ടിൽ ലക്ഷക്കണക്കിന് രൂപ കടം വാങ്ങി ഏജന്റുകൾക്കു നൽകിയാണ് പലരും ഇവിടെ എത്തിപ്പെടുന്നത് എന്നത് കൊണ്ട് തന്നെ ആ പണമെങ്കിലും ഉണ്ടാക്കാൻ കഴിയാതെ തിരിച്ചുപോകാൻ കഴിയില്ല എന്ന നിലപാടിലാണ് പലരും ചതിക്കപ്പെട്ടാലും ഇവിടെ നിൽക്കുന്നത്.സാമ്പത്തികമായി ഒന്നും നേടാന് കഴിയാത്ത അവസ്‌ഥയിൽ കമ്പനിക്കെതിരെയോ ഏജന്റിനെയോ എതിരെ കേസ് നൽകാനോ തയ്യാറാവുന്നില്ലെന്നതാണ് വസ്തുത.

You might also like

  • Lulu Exchange
  • Straight Forward

Most Viewed