പ്രതീക്ഷയുടെ ഗൾഫ് കിറ്റ് കൈമാറി

മനാമ :പത്തുവർഷമായി നാട് കാണാൻ സാധിക്കാതെയും, കഴിഞ്ഞ അഞ്ച് മാസത്തോളം, മനാമയിലെ ഒരു ഫ്ലാറ്റിന്റെ ടെറസിൽ വെയിലും, മഴയും, കാറ്റുമേറ്റ് കഴിയുകയായിരുന്ന, കൊല്ലം സ്വദേശി സുലൈമാന് 'പ്രതീക്ഷ ബഹ്‌റൈൻ' പ്രവർത്തകർ 'ഗൾഫ് കിറ്റ്' കൈമാറി. 4pm ടീം പൊതുസമൂഹത്തെ അറിയിച്ച സുലൈമാന്റെ നാട്ടിലേക്കുള്ള യാത്ര സാധ്യമാവുമ്പോൾ , അദ്ദേഹത്തിന് വേണ്ട വസ്ത്രങ്ങളും, നാട്ടിൽ മകളുടെ മക്കൾക്ക് സമ്മാനിക്കാൻ കളിപ്പാട്ടങ്ങളും, ചോക്ളേറ്റ്സും മറ്റ് സാധനങ്ങളുമടങ്ങിയ ബാഗാണ് പ്രതീക്ഷ അംഗങ്ങളായ അൻസാർ, ജോഷി, മുജീബ്, ഷാനവാസ് എന്നിവർ സുലൈമാന്റെ താമസസ്ഥലത്തെത്തി നൽകിയത്. വെറും കൈയോടെ നാട്ടിലേയ്ക്ക് മടങ്ങേണ്ടി വരുന്ന ഹതഭാഗ്യരായവർക്ക് കഴിഞ്ഞ നാല് വർഷമായി 'പ്രതീക്ഷ ബഹ്‌റൈൻ' ഗൾഫ് കിറ്റ് എന്ന പേരിൽ ഇത്തരം ബാഗ് നൽകിവരുന്നു. ഇദ്ദേഹത്തിന്റെ ദുരവസ്ഥ പൊതുസമൂഹത്തിലേക്കെത്തിച്ച 4pm ടീമിനെ അഭിനന്ദിക്കുന്നതോടൊപ്പം, കെ.എം.സി.സി.യുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് സഹായങ്ങളെത്തിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പ്രതീക്ഷയുടെ പ്രവർത്തകർ പറഞ്ഞു.