ജല ഉപയോഗം; പൊതു മീറ്ററിംഗ് സംവിധാനം കുടുംബങ്ങൾക്ക് ബാധ്യതയാകുന്നു

രാജീവ് വെള്ളിക്കോത്ത്
മനാമ:കെട്ടിടങ്ങളിലെ വെള്ളത്തിന്റെ ഉപയോഗത്തിന്റെ തോത് നിശ്ചയിക്കുന്ന പൊതു മീറ്ററിംഗ് സംവിധാനം കുറഞ്ഞ അളവിൽ വെള്ളം ഉപയോഗിക്കുന്നവർക്കും ബാധ്യത ആകുന്നു. മിക്ക കെട്ടിടങ്ങളിലും വൈദ്യുതിക്കും വെള്ളത്തിനും വെവ്വേറെ മീറ്റർ സംവിധാനം ഉണ്ടെങ്കിലും വെള്ളത്തിന് എല്ലാ ഫ്‌ളാറ്റുകൾക്കും കൂടി പൊതു മീറ്ററിംഗ് സംവിധാനമാണ് നിലവിലുള്ളത്. വെള്ളത്തിന്റെ വാടക നിരക്ക് കെട്ടിടത്തിലെ എല്ലാ ഫ്‌ളാറ്റുകളിലെ ഉപഭോക്താക്കൾക്കും കൂടി വീതിക്കപ്പെടുന്നു. അത് കൊണ്ട് തന്നെ ഏതെങ്കിലും ഫ്‌ളാറ്റുകളിലെ ആളുകൾ കൂടിയ അളവിൽ വെള്ളം ഉപയോഗിച്ചാലും കുറഞ്ഞ ഉപയോഗമുള്ളവർക്കും കൂടി നിരക്ക് നൽകേണ്ടി വരുന്നു. വെള്ളം വാടക സബ്‌സിഡി ആയി നൽകിയിരുന്ന കാലത്തെ കുറഞ്ഞ നിരക്കായതുകൊണ്ട് ഇതു ഒരു ഗൗരവമുള്ള പ്രശ്നമായി ആരും കണക്കാക്കിയിരുന്നില്ല. ഇപ്പോൾ പ്രവാസികൾക്ക് കൂടിയ തോതിലുള്ള വൈദ്യുതി,വെള്ളം വാടക ആയതോടെയാണ് കെട്ടിടങ്ങളിൽ കുറഞ്ഞ അംഗങ്ങൾ ഉള്ള കുടുംബത്തിന് വെള്ളം വാടക ബാധ്യത ആയിരിക്കുന്നത്.
പ്രത്യേകിച്ച് കൂടുതൽ ഫ്‌ളാറ്റുകൾ ഉള്ള കെട്ടിടങ്ങളിൽ താമസിക്കുന്നവരെയാണ് ഇത് വളരെയധികം ബാധിക്കുന്നത്. അംഗ സംഖ്യ കൂടിയ ഫ്‌ളാറ്റുകളിലെ ജല ഉപയോഗം വളരെ കൂടുതൽ ആയിരിക്കും. ബാച്ചിലർമാരായോ ദമ്പതികൾ മാത്രമായോ ആയവർക്ക് വളരെ കുറഞ്ഞ അളവിലുള്ള ഉപയോഗം മാത്രമേ ഇക്കാര്യത്തിൽ വേണ്ടതുള്ളൂ. എന്നാൽ നിരക്ക് എല്ലാവർക്കുമായി വിഭജിക്കപ്പെടുമ്പോൾ ഇവർക്കും കൂടിയ നിരക്കിലുള്ള വാടക നൽകേണ്ടി വരുന്നുണ്ടെന്നാണ് പരാതി. ചില കെട്ടിടങ്ങലെ വാണിജ്യാവശ്യത്തിനുപ്രയോഗിക്കുന്ന വെള്ളം അടക്കം താമസക്കാരുടെ കൂടി ചിലവിൽ വിഭജിക്കപ്പെടുന്നുണ്ടെന്നും താമസക്കാർ പരാതിപ്പെടുന്നു. കെട്ടിടങ്ങളിൽ പൊതുവായ ഒരു വാട്ടർ ടാങ്ക് മാത്രമേ പല കെട്ടിട ഉടമകളും നിർമ്മിച്ചിട്ടുള്ളൂ. മനാമയിലെ പല കെട്ടിടങ്ങളിളെയും താഴത്തെ നില വാണിജ്യാ വശ്യങ്ങളാക്കായാണ് ഉപയോഗിക്കപ്പെടുന്നത്. റസ്റ്റോറന്റുകൾ അടക്കം പ്രവർത്തിക്കുന്ന ഇത്തരം സ്‌ഥാപനങ്ങളിലാവട്ടെ പൊതു ശൗചാലയങ്ങളുമാണ് ഉള്ളത്. അവിടെ പൊതുജനങ്ങൾ അടക്കം ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഉപയോഗം നിയന്ത്രണാ തീതമാണ്. പഴക്കമേറിയ പല കെട്ടിടങ്ങളിലെയും ശൗചാലയങ്ങളിൽ വെള്ളം പാഴായി പ്പോകുന്ന അവസ്‌ഥയും ഉണ്ട്. ഇത്തരത്തിൽ പാഴായിപ്പോകുന്ന വെള്ളത്തിന് അടക്കമുള്ള പണം നൽകേണ്ടി വരുന്നത് കെട്ടിടങ്ങളിലെ താമസക്കാർ ആണ്. പ്രവാസികൾക്ക് ഇക്കാര്യത്തിൽ വലിയ തോതിലുള്ള ആശങ്കയാണ് നിലനിൽക്കു ന്നത്. എന്നാൽ ഓരോ ഫ്‌ളാറ്റുകൾക്കും പ്രത്യേകം പ്രത്യേകം മീറ്റർ സംവിധാനം ഉണ്ടാക്കുന്നതിനു സാങ്കേതികമായ ചില പ്രയാസങ്ങൾ കൂടി ഉണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
വെവ്വേറെ വാട്ടർ ടാങ്കുകൾ ഉണ്ടാക്കുക എന്നത് പല കെട്ടിടങ്ങളിലും അപ്രായോഗികവുമാണ്. വാട്ടർ ടാങ്കിൽ നിന്ന് പ്രത്യേകം പ്രത്യേകം കണക്ഷനുകൾ എടുക്കുമ്പോൾ മീറ്റർ ഘടിപ്പിക്കുക എന്നതാണ് ഇതിന് മറ്റൊരു പോംവഴി. ഇലക്സ്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി അധികൃതരുടെ ഇടപെടലുകൾ ഉണ്ടെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ ഒരു പോംവഴി ഉണ്ടാക്കുന്നതിന് സാധ്യമാവുകയുള്ളൂ. വാണിജ്യാവശ്യങ്ങൾക്കെങ്കിലും പ്രത്യേകം വാട്ടർ കണക്ഷനുകൾ കെട്ടിടങ്ങളിൽ സ്‌ഥാപിച്ചത് ഇതിന് ചെറിയ തോതിലുള്ള പരിഹാരം ഉണ്ടാവും. നിലവിലെ സാഹചര്യത്തിൽ വൈദ്യുതി ബില്ലിനെക്കാൾ കൂടിയ നിരക്കിൽ വാട്ടർ ബിൽ ലഭിച്ച നിരവധി കുടുംബങ്ങൾ ഉണ്ട്. തങ്ങളുടേതല്ലാത്ത കാരണത്താൽ വെള്ളത്തിന് അധിക നിരക്ക് നൽകേണ്ടി വരുന്ന താമസക്കാരുടെ പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കുന്നതിന് അധികൃതർ ശ്രമിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.