സൽമാബാദ് ഫാർമേഴ്‌സ് മാർക്കറ്റ് ശ്രദ്ധേയമാകുന്നു: ഇന്നും നാളെയും 'അൽ ത്രാ ഐൻ


മനാമ: പ്രാദേശിക കർഷകരെ സഹായിക്കുകയും അതോടൊപ്പം തന്നെ ഗുണമേന്മയേറിയ കാർഷിക ഉൽപ്പന്നങ്ങൾ വിലകുറച്ച് വിപണിയിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ സൽമാബാദിൽ ആരംഭിച്ച ഫാർമേഴ്‌സ് മാർക്കറ്റ് ജനശ്രദ്ധയേറുന്നു . ബഹ്റൈന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് പ്രവാസികൾ അടക്കമുള്ള നിരവധി പേരാണ് നിത്യേന ഇവിടെ സാധനങ്ങൾ വാങ്ങാൻ എത്തുന്നത്. പ്രാദേശിക കർഷകർ കൂടാതെ വിവിധ ജി സി സി രാജ്യങ്ങളിൽ നിന്നുമുള്ള ഓർഗാനിക് പച്ചക്കറികളാണ് ഇവിടെ വിലകുറച്ചു ലഭ്യമാക്കിയിട്ടുള്ളതെന്ന് ഫാർമേഴ്‌സ് മാർക്കറ്റ് സൂപ്പർവൈസർ മുഹമ്മദ് നാസർ പറഞ്ഞു. ബഹ്‌റൈൻ ഡവലപ്പ്മെന്റ് ബാങ്കിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ സ്‌ഥാപനത്തിൽ കർഷകർക്ക് വളരെ കുറഞ്ഞ നിരക്കിലാണ് സ്റ്റാളുകൾ അനുവദിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി,വെള്ളം എന്നിവ കൂടാതെ സ്റ്റോറേജ് സംവിധാനവും ഇവിടെ കർഷകർക്ക് അനുവദിച്ചിട്ടുണ്ട്. ഉപഭോക്ത്താക്കൾക്ക് വേണ്ടി വിശാലമായ പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 18 ,875  സ്‌ക്വയർ മീറ്റർ വിസ്തൃതിയിൽ ഒരുക്കിയിട്ടുള്ള മാർക്കറ്റിൽ എത്തുന്നവർക്ക് വേണ്ടുന്ന റസ്റ്റോറന്റുകളും ഇതിനകത്ത് തന്നെ ഒരുക്കിയിരിക്കുന്നു. ഞായറാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 8മണി മുതൽ ഉച്ചയ്ക്ക് 3 വരെയാണ് പ്രവർത്തി സമയം.

പഴം പച്ചക്കറി തുടങ്ങിയവ ഏറ്റവും ഗുണമേന്മയോടെ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു സമയക്രമം നടപ്പിലാക്കിയതെന്നു ഫാർമേഴ്‌സ് മാർക്കറ്റ് സൂപ്പർവൈസർ മുമമ്മദ് ഷമീർ വ്യക്തമാക്കി. ആളുകളുടെ പ്രതികരണമനുസരിച്ചു വൈകീട്ട് 6 മണി വരെ നീട്ടുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 22 പച്ചക്കറികടകളും 10 പ്ലാന്റ് ഷോപ്പുകൾ, ഫ്‌ളവർ ഷോപ്പുകൾ, വിവിധ കമ്പനികൾക്ക് വേണ്ടി 6 സ്റ്റാളുകൾ,4 ഭക്ഷണ ശാലകൾ, 7 ഗൃഹ നിർമ്മാണ ഭക്ഷ്യ ഉൽപ്പന്നങ്ങൾ തുടങ്ങിയ സ്റ്റാളുകളാണ് ഇപ്പോൾ നിലവിലുള്ളത്.

ഭാവിയിൽ കൂടുതൽ സ്റ്റാളുകൾക്കുള്ള സൗകര്യങ്ങൾ കൂടി കെട്ടിടത്തിൽ ഉണ്ടാക്കിയിട്ടുണ്ട്. വർഷത്തിൽ 200000 ഉപഭോക്താക്കളെ മാർക്കറ്റിലേക്ക് പ്രതീക്ഷിക്കുന്നതായി ഫാർമേഴ്‌സ് മാർക്കറ്റ് അധികൃതർ പറഞ്ഞു. മാർക്കറ്റിനെ ജനകീയമാക്കുന്നതിനും കൂടുതൽ ആളുകളെ ഇവിടേയ്ക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ  ഇന്നും നാളെയും തീയതികളിൽ ഇവിടെ  'അൽ ത്രാ ഐൻ " ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളതായും ഇതിന്റെ സംഘാടകർ അറിയിച്ചു. ഈ ദിവസങ്ങളിൽ വൈകീട്ട് 4 മണി മുതൽ 9 വരെ  വിവിധ  പരിപാടികൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, സ്വാകാര്യ കമ്പനികൾ, റസ്റ്റോറന്റുകൾ, എന്നിവ കൂടാതെ നിരവധി കൗതുക വിനോദ പരിപാടികളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവേശനം സൗജന്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed