മുംബൈ ഭീകരാക്രമണം: പാകിസ്താന്‍റെ പങ്ക് തെളിയിക്കുന്നതില്‍ അമേരിക്ക സഹായിച്ചെന്ന് വെളിപ്പെടുത്തല്‍


ദില്ലി: 2008-ലുണ്ടായ മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താന്‍റെ പങ്കാളിത്തം ഉറപ്പാക്കുന്ന നിര്‍ണായക തെളിവ് കണ്ടെത്താന്‍ ഇന്ത്യയെ അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ എന്ന് വെളിപ്പെടുത്തല്‍. 2008-09 കാലഘട്ടത്തില്‍ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഒരു ഉദ്യോഗസ്ഥനാണ് ദേശീയമാധ്യമമായ ഹിന്ദുവിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. 

മുംബൈ ഭീകരാക്രമണത്തിന്‍റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ എഫ്.ബി.ഐയുടെ ഒരു ഏജന്‍റ് ജപ്പാനിലെ യമഹ കന്പനിയുടെ ആസ്ഥാനത്ത് എത്തിയത്. ഭീകരര്‍ ഇന്ത്യയില്‍ എത്താന്‍ ഉപയോഗിച്ച ബോട്ടുകളുടെ ഉറവിടം കണ്ടെത്തുകയായിരുന്നു. ആ യാത്രയുടെ ലക്ഷ്യം. ഇതിനായി അമേരിക്കയിലെ അന്നത്തെ യമഹ ഡീലേഴ്സിനെയാണ് എഫ്ബിഐ ആദ്യം സമീപിച്ചത്. അവരാണ് ജപ്പാനിലെ യമഹ ആസ്ഥാനത്തേക്ക് എഫ്ബിഐ ഏജന്‍റിന് തിരിച്ചു വിട്ടത്. ബോട്ടിന്‍റെ എഞ്ചിന്‍ നന്പര്‍ തീവ്രവാദികള്‍ ആദ്യമേ മായ്ച്ചുകളഞ്ഞിനാല്‍ അതെവിടെ നിന്നുള്ളതാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. 

എന്നാല്‍ എഞ്ചിനകത്ത് ഒരു പ്രത്യേക ദ്വാരത്തിനുള്ളില്‍ മറ്റൊരു  നന്പര്‍ ഉണ്ടാവും എന്നും അതുപയോഗിച്ചും എഞ്ചിന്‍ നന്പര്‍ കണ്ടെത്താന്‍ സാധിക്കുമെന്ന നിര്‍ണായക വിവരം യമഹയിലെ വിദഗ്ദ്ധര്‍ എഫ്ബിഐ ഏജന്‍റിനെ അറിയിച്ചു. ഈ വിവരം എഫ്ബിഐ ഇന്ത്യയിലെ ഏജന്‍സികള്‍ക്ക് കൈമാറി. നമ്മുടെ എഞ്ചിനീയര്‍മാര്‍ ചേര്‍ന്ന് യന്ത്രഭാഗങ്ങള്‍ മൊത്തം അഴിച്ചെടുത്ത് പരിശോധിക്കുകയും ഈ നന്പര്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കറാച്ചിയിലെ ഒരു കടയില്‍ നിന്നുമാണ് ഇത് വിറ്റു പോയതെന്ന് മനസ്സിലായി. 

കറാച്ചിയിലെ കടയില്‍ നിന്നും ഈ എഞ്ചിനടക്കം മൊത്തെ എട്ട് എഞ്ചിനുകള്‍ ലഷ്കര്‍ ഇ തൊയ്ബ പ്രവര്‍ത്തകന്‍ അംജദ് ഖാന്‍ വാങ്ങിയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ എഞ്ചിന്‍ വച്ചുണ്ടാക്കിയ ബോട്ടുകളിലാണ് പത്ത് വര്‍ഷം മുന്‍പ് ഇന്ത്യയെ ആക്രമിക്കാനായി ഭീകരര്‍ വന്നത്. അന്വേഷണത്തില്‍ നിര്‍ണായകമായ ഈ തെളിവുകളെല്ലാം ഇന്ത്യ പിന്നീട് പാകിസ്താന് കൈമാറി. യുഎസ് ഭരണകൂടം പാകിസ്താന് മേല്‍ നടത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാകിസ്താന്‍ വിവിധ തീവ്രവാദ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുകയും മുംബൈ ആക്രമത്തിന്‍റെ മുഖ്യസൂത്രധാരനായ ലഷ്കര്‍ ഇ തോയിബ ഓപ്പറേഷന്‍സ് കമാന്‍ഡര്‍ സകീര്‍ റഹ്മാന്‍ ലഖ്വി അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കേസില്‍ 27 പേരെ പ്രതികളാക്കി പാകിസ്ഥാനിലെ അഭ്യന്തര അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. ഈ കേസില്‍ വിചാരണ ഇതുവരേയും തീര്‍ന്നിട്ടില്ല. എഞ്ചിനുകള്‍ വാങ്ങിയ അംജദ് ഖാന്‍റെ വീട് എഫ്.ഐ.എ റെയ്ഡ് ചെയ്തു. ഇയാളെ വീഡിയോ കോണ്‍ഫറന്‍സ് വഴി മുംബൈ കോടതിക്ക് വിചാരണ ചെയ്യാന്‍ ഇന്ത്യന്‍ ഏജന്‍സികള്‍ അവസരമൊരുക്കി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed