വിട പറഞ്ഞത് ബഹ്‌റൈൻ മലയാളികളുടെ പ്രിയ വയലിനിസ്റ്റ്

രാജീവ് വെള്ളിക്കോത്ത്
മനാമ: വയലിൻ മാന്ത്രികൻ ബാലഭാസ്കറിന്റെ മരണം ബഹ്‌റൈൻ മലയാളികളെ സംബന്ധിച്ചും നികത്താനാവാത്ത നഷ്ടമായി . ബഹ്‌റൈൻ മലയാളികളുമായി വളരെ അടുത്ത ബന്ധം സ്‌ഥാപിച്ച കലാകാരനായിരുന്നു അദ്ദേഹം. ഏതൊരു പരിപാടി ആസൂത്രണം ചെയ്യുമ്പോഴും അതിൽ ഉയർന്നുവരുന്ന ഒരു പേരായിരുന്നു ബാലഭാസ്കറിന്റേത്.ബഹ്‌റൈൻ കേരളീയ സമാജം,ഇന്ത്യൻ ക്ലബ്ബ്,ഇന്ത്യൻ സ്‌കൂൾ,പാലക്കാട് ആർട്ട്സ് ആൻഡ് കൾച്ചറൽ തിയറ്റർ,തുടങ്ങി ഒട്ടുമിക്ക സംഘടനകളുടെയും പരിപാടികൾക്ക് ബഹ്‌റൈനിൽ എത്തിയിട്ടുള്ള ബാലഭാസ്കർ ബഹ്‌റൈനിലെ പലരുമായും വളരെ അടുത്ത ബന്ധമാണ് കാത്തു സൂക്ഷിച്ചിരുന്നത്.സ്റ്റീഫൻ ദേവസ്യക്കൊപ്പം , പാലക്കാട് നിളോത്സവത്തിൽ മട്ടന്നൂർ ശങ്കരൻകുട്ടിക്കൊപ്പം,ഇന്ത്യൻ സ്‌കൂളിൽ സ്വന്തം മ്യൂസിക് ബാൻഡുമായി ഇന്ത്യൻ ക്ലബ്ബിൽ ,ബഹ്‌റൈൻ കേരളീയ സമാജത്തിൽ ..അങ്ങനെ ബാലുവിന്റെ ബഹ്‌റൈൻ പരിപാടികളുടെ വർണ്ണപ്പൊലിമകൾ ഒരിക്കലും മനസ്സിൽ നിന്നും മായാത്തതാണ്.
പരിപാടികൾക്ക് വേണ്ടി എത്തുന്ന ബാലഭാസ്കർ പിന്നീട് ആ പരിപാടി സംഘാടകരുമായുള്ള ചങ്ങാത്തം എക്കാലവും കാത്തു സൂക്ഷിക്കും. ബഹ്‌റൈനിൽ എത്തിയപ്പോൾ നിരവധി തവണ ഫോർ പി എം ന്യൂസ് ഓഫീസിൽ എത്തിയിട്ടുള്ള ബാലഭാസ്കർ പത്രത്തിനായുള്ള അഭിമുഖത്തിന് ഒരു മടിയും കൂടാതെ മണിക്കൂറുകൾ തന്നെ ഇരുന്നു തന്നിട്ടുണ്ട്. ബഹ്‌റൈനിലെ കലാകാരനായ കിരൺ,അത് പോലെ ബെഞ്ചമിൻ, കീ ബോർഡിസ്റ്റ് നഫ്‌ജാദ് തുടങ്ങി നിരവധി ആളുകളുമായി ആശയവിനിമയം നടത്തിയാറുണ്ടായിരുന്നു. അപകട വാർത്ത അറിഞ്ഞത് മുതൽ അദ്ദേഹത്തിന്റെ ആരോഗ്യ സ്‌ഥിതിയെപ്പറ്റിയുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെ സംഗീത ട്രൂപ്പിലെ അംഗങ്ങൾ ബഹ്‌റൈനിലെ മ്യൂസിഷ്യൻസ് അംഗങ്ങളുമായി കൈമാറിയിരുന്നു.
കഴിഞ്ഞ രണ്ടു ദിവസമായി ബാലഭാസ്കറിന്റെ ആരോഗ്യ സ്‌ഥിതിയിൽ നല്ല മാറ്റങ്ങളായിരുന്നു കണ്ടെത്തിയതെന്നുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ അറിയിപ്പ് പ്രതീക്ഷയ്ക്കു വക നൽകിയിരുന്നുവെങ്കിലും ഇന്നലെ അർദ്ധരാത്രിയോടെ തങ്ങളുടെ പ്രിയപ്പെട്ട ബാലുവിന്റെ വിയോഗ വാർത്തയാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ നാട്ടിൽ നിന്നും അറിയിച്ചത്. അതോടെ ബഹ്‌റൈനിലെ സംഗീത കലാകാരന്മാരും ആരാധകരും ആ വാർത്ത പരസ്പരം കൈമാറുകയും ചെയ്തു.
വയലിൻ എന്നും സഞ്ചരിച്ചത് മെലഡിക്കൊപ്പം
വയലിൻ മാന്ത്രികൻ ബാലഭാസ്കർ വിടപറഞ്ഞപ്പോൾ സംഗീതാസ്വാദകർക്കു നഷ്ടപ്പെട്ടത് മെലഡിക്കൊപ്പം സഞ്ചരിച്ച മഹാ സംഗീതകാരനെ.ഫ്യൂഷൻ എന്ന സംഗീത മേഖലയെ മലയാളിക്ക് പരിചയപ്പെടുത്തുമ്പോഴും മെലഡി സംഗീതം റോക്ക് സംഗീതത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കാനാണ് ബാലഭാസ്കർ കൂടുതലും ശ്രദ്ധിച്ചത്. അത് കൊണ്ട് തന്നെ മ്യൂസിക്കൽ ബാൻഡ് എന്ന സങ്കല്പത്തോട് മലയാളികൾ പെട്ടെന്ന് അടുക്കുകയും ചെയ്തു. ഇളയരാജയുടെ പാട്ടുകൾ ആയിരുന്നു ബാലഭാസ്കർ തന്റെ ഫ്യൂഷനുകളിൽ കൂടുതലും വായിച്ചിരുന്നതും. കണ്ണേ കലൈമാനെ,കാതൽ റോജാവേ,തുടങ്ങിയവയും എ ആർ റഹ്‌മാന്റെ ഉയിരേ,അതുപോലെ വയലിനിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന ഔസേപ്പച്ചന്റെ ഉണ്ണികളേ ഒരു കഥപറയാം,ജെറി അമൽ ദേവിന്റെ ആയിരം കണ്ണുമായ്.തുടങ്ങിയ മെലഡിയുടെ സംഗീതമഴയാണ് ബാലു ഓരോ വേദിയിലും പെയ്യിച്ചിരുന്നത്.ഓരോ ഗാനത്തിന്റെയും സമാന രാഗങ്ങളിൽ കൂടി കടന്നാണ് എ ആർ റഹ്‌മാൻ അടക്കമുള്ളവരുടെ മറ്റു ഗാനങ്ങളിലേയ്ക്ക് കടക്കുന്നത്. ഓരോ പാട്ടുകളിലേയ്ക്ക് കടക്കുമ്പോഴും കാണികളുടെ ആവേശത്തിമിർപ്പ് ആസ്വദിക്കുകയും അവരുടെ കൈയ്യടിക്കൊപ്പം വയലിൻ തന്ത്രികളെ ഉണർത്തുകയും ചെയ്യുക എന്നത് ബാലുവിന് ഹരമായിരുന്നു.
കൂടെ വായിക്കുന്ന കലാകാരന്മാരുടെ മുഖത്തേയ്ക്കു നോക്കിയാൽ തന്നെ തനറെ മനസ്സ് വായിച്ചെടുത്തു അടുത്ത പാട്ടിലേയ്ക്ക് കടക്കുന്ന ഒരു പ്രത്യേക ശൈലിയും സംഗീതത്തെ ആവാഹിച്ചു കൊണ്ട് അതിൽ പൂർണ്ണമായി അറിഞ്ഞുള്ള ആത്മസമർപ്പണവും കൂടിയാകുമ്പോൾ കാണികളും ആ മാസ്മരിക വലയത്തിലേക്ക് ആകർഷിക്കപ്പെടുന്ന രീതിയാണ് ബാലു വേദിയിൽ പലപ്പോഴും പ്രകടിപ്പിക്കുക. അത് കൊണ്ട് തന്നെ ലോകത്തെമ്പാടുമുള്ള ആരാധകർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അങ്ങേയറ്റം ദുഖിക്കുകയാണ്.ജീവിതത്തിലേയ്ക്ക് വീണ്ടും തിരികെയെത്തുമെന്നും വേദികൾ കീഴടക്കി നാദധാര തീർക്കാൻ അദ്ദേഹം വീണ്ടും വരുമെന്നുള്ള ആരാധകരുടെ പ്രതീക്ഷയാണ് ഇന്ന് പുലർച്ചെ അദ്ദേഹത്തിന്റെ വിയോഗവാർത്തയോടെ ഇല്ലാതായിത്തീർന്നിരിക്കുന്നത്.