പോലീസ് ചമഞ്ഞ് മോഷണത്തിന് ശ്രമിച്ചവർക്ക് അഞ്ച് വർഷം തടവ്

മനാമ : ടർക്കിഷ് ഡ്രൈവറെ പോലീസ് എന്ന് തെറ്റിധരിപ്പിച്ച് കൊള്ളയിടാൻ ശ്രമിച്ച രണ്ട്പേർക്ക് അഞ്ച് വർഷം വീതം തടവ് വിധിച്ചു. 30 വയസും 22 വയസും പ്രായമുള്ള പ്രതികൾ 40 ബഹ്റൈൻ ദിനാറും മൊബൈൽ ഫോണും മോഷ്ടിച്ചു. മനാമയിലെ കാർ പാർക്കിംഗ് ഏരിയയിൽ തന്റെ റെന്റൽ കാറിൽ ഇരുന്ന വ്യക്തിക്ക് സമീപമെത്തിയ പ്രതികൾ, തങ്ങൾ പോലീസുകാരാണെന്ന് പരിചയപ്പെടുത്തുകയായിരുന്നു. കാറിൽ നിന്ന് ഇറങ്ങാനും തിരിച്ചറിയൽ രേഖ കാണിക്കാനും പ്രതികൾ തന്നോട് ആവശ്യപ്പെട്ടതായി ഡ്രൈവർ അധികൃതരോട് പറഞ്ഞു.
താൻ കാർ ലോക്ക് ചെയ്ത് പുറത്തിറങ്ങിയതായും തന്നെ പോലീസ് േസ്റ്റഷനിൽ കൊണ്ടുപോയി ആക്രമിക്കാൻ പോവുകയാണെന്ന് അവർ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. പോലീസ് രേഖകൾ അനുസരിച്ച് ഇരു പ്രതികളും ഡ്രൈവറുടെ മുഖത്ത് പല തവണ ഇടിച്ചു. പ്രതികളിൽ ഒരാൾ തന്റെ പോക്കറ്റിൽ നിന്നും താക്കോൽ എടുത്ത് കാർ തുറന്നു. 40 ബഹ്റൈൻ ദിനാർ, മൊബൈൽ ഫോൺ എന്നിവ കറിൽ നിന്നും മോഷ്ടിച്ചു. പോലീസ് ഓഫീസർമാർ സംശയമുള്ളവരുടെ ഫോട്ടോകൾ കാണിക്കുകയും ഡ്രൈവർ പ്രതികളെ തിരിച്ചറിയുകയുമായിരുന്നു. തുടർന്ന് അറസ്റ്റിലായ പ്രതികളെ ഹൈ ക്രിമിനൽ കോടതിക്ക് മുന്പാകെ ഹാജരാക്കുകയും വിചാരണയ്ക്ക് ശേഷം കോടതി ഇവരെ അഞ്ച് വർഷം തടവിന് ശിക്ഷിക്കുകയുമായിരുന്നു.