മകന്റെ കാഴ്ചശക്തി സംരക്ഷിക്കാൻ അവസാന ശ്രമവുമായി പിതാവ്

മനാമ : മകന്റെ കാഴ്ചശക്തി രക്ഷിക്കാനുള്ള അവസാന ശ്രമവുമായി ഒരു ബഹ്റൈൻ പിതാവ്. കുട്ടിയുടെ കാഴ്ചശക്തി പൂർണ്ണമായും നഷ്ടമാകാതിരിക്കാൻ ഉടൻ ഓപ്പറേഷന് വിധേയനാകണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് 3,000 ബഹ്റൈൻ ദിനാർ ചിലവ് വരും. മുഹമ്മദ് അലി എന്ന ബഹ്റൈൻ സ്വദേശിയാണ് മകൻ ഖാലിദിന്റെ ചികിത്സക്കായി സഹായം തേടുന്നത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് കളിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് കുട്ടിയുടെ കാഴ്ച ഭാഗിക വൈകല്യമുണ്ടായത്. ആറ് വയസുകാരനായ ആൺകുട്ടി കളിക്കുന്നതിനിടെ മറ്റൊരു കുട്ടി എറിഞ്ഞ കല്ല് കണ്ണിൽ കൊണ്ടതിനെത്തുടർന്നാണ് അപകടമുണ്ടായത്. അനേകം ശസ്ത്രക്രിയകൾ നടത്തിയിട്ടും, കുഞ്ഞിന്റെ വലത് കണ്ണിന് കാഴ്ച വൈകല്യം ഉണ്ടാകുകയും, ക്രമേണ ഇടത്തെ കണ്ണിനെയും വൈകല്യം ബാധിക്കുകയായിരുന്നു.
ഖാലിദിന്റെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്ന ഒപ്താൽമോളജിസ്റ്റുകൾ കോർണിയൽ ഇംപ്ലേഷൻ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്ന് നിർദ്ദേശിച്ചു. അല്ലാത്തപക്ഷം കാഴ്ചവൈകല്യം കണ്ണുകളെ ബാധിച്ചു തുടങ്ങുകയും ക്രമേണ കാഴ്ചശക്തി പൂർണ്ണമായി നഷ്ടപ്പെടുകയും ചെയ്യും. കുട്ടിയുടെ കണ്ണിന്റെ രക്തസമ്മർദ്ദം സ്ഥിരമല്ല. ചികിത്സയ്ക്കായി മൂന്ന്, നാല് ദിവസം കൂടുന്പോൾ ആശുപത്രിയിൽ പോകണം. സമ്മർദ്ദം സുസ്ഥിരമാക്കുന്നതിന് മരുന്നുകളും തുള്ളി മരുന്നിനേയുമാണ് ഇപ്പോൾ കുട്ടി ആശ്രയിക്കുന്നത്. ഓപ്പറേഷന് മുന്പ് സൈനിക ആശുപത്രിയിലെ ഒപ്താൽമോളജിസ്റ്റുമായി ഒരു കൂടിക്കാഴ്ച കൂടി നടത്തേണ്ടതുണ്ടെന്ന് പിതാവ് വ്യക്തമാക്കി. ആവശ്യമായ തുക സ്വരൂപിക്കാനായാൽ ഇന്ത്യയിൽ ശസ്ത്രക്രിയ നടത്താനാണ് താത്പര്യപ്പെടുന്നതെന്ന് മുഹമ്മദ് അലി വ്യക്തമാക്കി. ചാരിറ്റി സംഘടനകൾക്കും വായനക്കാർക്കും അദ്ദേഹം നന്ദി പറഞ്ഞു. പലരും തന്നെ ബന്ധപ്പെട്ടതായും ഏകദേശം പകുതി തുക ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2015ൽ ഉണ്ടായ അപകടത്തെത്തുടർന്ന് ഖാലിദിനെ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയിട്ടുണ്ട്. ചികിത്സക്കായി കുറഞ്ഞത് 30,000 ബഹ്റൈൻ ദിനാർ ഇതുവരെ ചിലവാക്കിക്കഴിഞ്ഞു. തന്റെ സാലറിയുടെ അടിസ്ഥാനത്തിൽ ബാങ്കുകൾ അനുവദിക്കുന്ന വായ്പാ പരിധി (27,000 ബഹ്റൈൻ ദിനാർ) എത്തിയതിനാൽ കൂടുതൽ തുക നൽകാൻ ബാങ്കുകൾ തയ്യാറല്ലെന്നും പിതാവ് വ്യക്തമാക്കി.