പരിസ്ഥിതി സംരക്ഷണം അനിവാര്യമെന്ന് പ്രധാനമന്ത്രി

മനാമ : രാജ്യത്തിന്റെ ഭാവി തലമുറകൾക്കായി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പറഞ്ഞു. രാജകുടുംബത്തിലെ അംഗങ്ങൾക്കും മുതിർന്ന ഓഫീസർമാർക്കും ഈദുൽ ഫിത്തർ ആശംസകൾ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വളർച്ചയും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനും, പ്രകൃതി വിഭവങ്ങളും വന്യജീവികളും സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യവും, സുസ്ഥിര വികസനത്തിന് അവരുടെ വൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതിയും പ്രകൃതിവിഭവങ്ങളും കാത്തുസൂക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെയും അദ്ദേഹം ചൂണ്ടിക്കാട്ടി. കാർഷിക രംഗം വികസിപ്പിക്കുന്നതിലും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിലും കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ചരിത്രവും നാഗരികതയും പ്രതിഫലിപ്പിക്കുന്ന എല്ലാ മേഖലകളും സംരക്ഷിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ബഹ്ൈറനിലെ ജനങ്ങളുടെ സംഭാവനകൾക്ക് അദ്ദേഹം ആദരമർപ്പിച്ചു. ഭാവിതലമുറകൾക്കായി രാജ്യത്തിന്റെ പാരന്പര്യത്തെ സംരക്ഷിക്കുന്നതിനും ചരിത്രവും സംസ്ക്കാരവും സംരക്ഷിക്കേണ്ടതും പ്രധാന്യമർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യൽ, ഇസ്ലാമിക് റിലേഷൻസ് എന്നീ മേഖലകളിൽ ഷെയ്ഖ് അബ്ദുള്ള ബിൻ ഖാലിദ് അൽ ഖലീഫയുടെ മഹത്തായ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. ഇസ്ലാമിക് അഫയേഴ്സ് സുപ്രീം കൗൺസിലിന്റെ പ്രസിഡണ്ടായി നിയമിതനതായ ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ ഖലീഫയ്ക്ക് അദ്ദേഹം ആശംസകൾ നേർന്നു. അന്തർദേശീയ നിയമങ്ങളും പാരന്പര്യങ്ങളും അനുസരിച്ചുകൊണ്ട് ദേശീയതയും സാമൂഹിക സംവിധാനവും സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.