കെ.എസ്.ആർ.ടി.സിക്ക് ലാഭം വാടക ബസ്

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി സ്വന്തം ബസ് ഉപയോഗിച്ചു സർവീസ് നടത്തുന്നതിനേക്കാൾ ലാഭം വാടകയ്ക്കെടുത്ത് ഓടിക്കുന്നതാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിൽ വാടകയ്ക്ക് ഓടിക്കുന്ന സ്കാനിയ ബസുകളുടെയും കെ.എസ്.ആർ.ടി.സിയുടെ സ്വന്തം ബസുകളുടെയും ചെലവു താരതമ്യം ചെയ്തപ്പോൾ വാടക ബസുകൾ കിലോമീറ്ററിന് ശരാശരി ഏഴര രൂപയുടെ ലാഭമുണ്ടാക്കുന്നതായി കണ്ടെത്തി. ഈ കണക്ക് അടുത്ത ഭരണസമിതിയോഗത്തിൽ അവതരിപ്പിക്കാനാണ് ഉദ്ദേശ്യം.
കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾക്കു കിലോമീറ്ററിന് 69.34 രൂപയാണു ചെലവ്. ഇന്ധനം, അറ്റകുറ്റപ്പണി, ജീവനക്കാരുടെ ശന്പളം, വാഹനം വാങ്ങാനുള്ള ചെലവ്, വാഹന നികുതി, പെൻഷൻ, ടയർ ഉൾപ്പെടെയുള്ളതെല്ലാം കൂടിയാണ് ഇത്. അതേസമയം, വെറ്റ് ലീസ് മാതൃകയിൽ വാടകയ്ക്കെടുക്കുന്ന ബസുകൾക്കു കിലോമീറ്ററിന് 61.77 രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ. കിലോമീറ്ററിനു നിലവിൽ നൽകുന്ന 24 രൂപ വാടക നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. കെ.എസ്.ആർ.ടി.സി ബസുകളെക്കാൾ ഇന്ധനച്ചെലവും വാടകബസുകളിൽ കുറവുണ്ട്. കിലോമീറ്ററിന് 7.57 രൂപയാണ് ലാഭം.
വാടക ബസുകൾ നഷ്ടത്തിലാണെന്ന ആരോപണങ്ങളുയർന്നതിനെത്തുടർന്നു കരാർ പുനഃപരിശോധിക്കണമെന്നും കഴിഞ്ഞ ഭരണ സമിതിയോഗം നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നിലവിലുള്ള സർവീസുകളുടെ കണക്കെടുപ്പ് നടത്തിയത്. വാടക സ്കാനിയ ബസുകൾ തുടരാമെന്ന ശുപാർശയാണു കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് ഭരണസമിതി യോഗത്തിൽ സമർപ്പിക്കുക.
അതേസമയം കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസ് പരീക്ഷണം സാന്പത്തിക നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. തലസ്ഥാനത്ത് ഒരു ദിവസം പൂർണമായി സർവീസ് നടത്തിയപ്പോൾ ബസിനു ലഭിച്ച വരുമാനം 16,014 രൂപയാണ്. ഒരു കിലോമീറ്ററിന് ശരാശരി വരുമാനം 64.57 രൂപ. ട്രയൽ റൺ ആയതിനാൽ ബസിന് വാടക ഈടാക്കുന്നില്ല. പ്രതീക്ഷിക്കപ്പെടുന്ന വാടക കിലോമീറ്ററിന് 45 രൂപയാണ്. കെ.എസ്.ആർ.ടി.സി കണക്കുപ്രകാരം കണ്ടക്ടർക്ക് വാടക ബസുകളിൽ കിലോമീറ്ററിനു ശരാശരി ചെലവ് 3.75 രൂപയാണ്. വൈദ്യുതിച്ചെലവ് കിലോമീറ്ററിന് ഏഴ് രൂപ. എല്ലാംകൂടി നോക്കിയാലും കിലോമീറ്ററിന് ചെലവ് പരമാവധി 56 രൂപ. ലാഭം ശരാശരി എട്ടുരൂപയാണ്.