പ്രവാ­സി­കൾ അയക്കു­ന്ന പണത്തിന് നി­കു­തി­ ഏർ­പ്പെ­ടു­ത്തു­ന്നതി­നു­ള്ള നി­ർ­ദ്ദേ­ശം തള്ളി­


മനാമ : വിദേശ രാജ്യങ്ങളിലേയ്ക്ക് പ്രവാസികൾ അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നതിനുള്ള നിർദ്ദേശം രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമായതിനാൽ തള്ളി. സഭാംഗങ്ങളും കൗൺസിൽ ഓഫ് റെപ്രസന്റേറ്റീവ്‌സിന്റെ ഇക്കണോമിക് ആന്റ് ഫിനാൻഷ്യൽ അഫയേഴ്സ് കമ്മിറ്റി, സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (സി.ബി.ബി), ബഹ്‌റൈൻ ചേംബർ ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്‌ട്രി (ബി.സി.സി.ഐ), ബഹ്‌റൈൻ ബാങ്കേഴ്സ് സൊസൈറ്റി എന്നിവർ ഏകപക്ഷീയമായി ബില്ലിനെ എതിർത്തു.

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ നിരവധി എം.പിമാരാണ് ഇതേ ആവശ്യം നടപ്പിലാക്കുന്നതിനായി നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുള്ളത്. എന്നാൽ, അതെല്ലാം കൗൺസിൽ തള്ളിക്കളഞ്ഞു. എം.പി ജമാൽ ദാവൂദാണ് അവസാനമായി നിർദ്ദേശം സമർപ്പിച്ചത്. തന്റെ നിർദ്ദേശപ്രകാരം 300 ബഹ്‌റൈൻ ദിനാറിന് മുകളിലും താഴെയും പണമയക്കുന്നവരെ രണ്ട് വിഭാഗമായി തിരിച്ച് നികുതി ഏർപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിയമം നടപ്പിലാക്കിയാൽ രാജ്യത്ത് കൂടുതൽ തുക ചിലവഴിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും സാഹചര്യമൊരുങ്ങുമെന്നും വിദേശത്തേയ്ക്ക് അയക്കുന്ന തുകയിൽ കുറവ് വരുമെന്നും അദ്ദേഹം പറഞ്ഞു. കൗൺസിലിലെ എക്കണോമിക് ആന്റ് ഫിനാൻഷ്യൽ അഫയേഴ്സ് കമ്മിറ്റി ഈ നിർദ്ദേശത്തേക്കുറിച്ച് പഠിക്കാനും അവലോകനം ചെയ്യാനും ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി. എന്നാൽ കമ്മിറ്റി ഈ നിർദ്ദേശം നിരസിക്കുകയും അതിനെ ഭരണഘടനാവിരുദ്ധമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

സാന്പത്തിക ഇടപാടുകളെ തീരുമാനം മോശമായി ബാധിക്കുമെന്നും പണത്തിന്റെ ഒഴുക്കിനെ പരിമിതപ്പെടുത്തുമെന്നും എം.പി അബ്ദുൾറഹ്മാൻ ബു−അലിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടി. പണം കൈമാറ്റം ചെയ്യുന്നതിന് നിയമവിരുദ്ധമായ വഴികൾ സൃഷ്ടിക്കാനും ഇത് കാരണമാകുമെന്നും കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ഇതോടൊപ്പം, നിർദ്ദേശം നടപ്പിലാക്കിയാൽ വിദേശ ബാങ്കുകളിൽ നിന്നും ഔദ്യോഗിക എക്സ്ചേഞ്ച് നിരക്കുകളിൽ നിന്നും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സി.ബി.ബി കമ്മിറ്റിയെ അറിയിച്ചു.

ഈ നീക്കം പ്രവാസികളെ ദോഷകരമായി ബാധിക്കുമെന്നും രാജ്യത്തിന്റെ സ്വതന്ത്ര സാന്പത്തിക നയങ്ങളെ തകർക്കുമെന്നും ചേംബർ പറഞ്ഞു. ഈ നിർദ്ദേശം കുറഞ്ഞ വരുമാനക്കാരായ പ്രവാസികളിൽ അധിക ഭാരം ഏൽപ്പിക്കുമെന്നും ഇത് ഏകീകൃത ജി.സി.സി നയങ്ങൾക്കെതിരാണെന്നതും ഉൾപ്പെടെയുള്ള നിരവധി കാരണങ്ങളും കമ്മിറ്റി ചൂണ്ടിക്കാട്ടി. 

300 ബഹ്‌റൈൻ ദിനാറിൽ താഴെയുള്ള ഇടപാടുകൾക്ക് ഒരു ബഹ്‌റൈൻ ദിനാറും 300 ബഹ്‌റൈൻ ദിനാറിന് മുകളിലുള്ള ഇടപാടുകൾക്ക് 10 ബഹ്‌റൈൻ ദിനാറും ഫീസ് നൽകണമെന്നതായിരുന്നു നിർദ്ദേശം. ഈ നിർദേശം ബജറ്റിനെ ശക്തിപ്പെടുത്തുമെന്നും കുറഞ്ഞത് 90 മില്യൺ ബഹ്‌റൈൻ ദിനാറിന്റെ അധിക വരുമാനമുണ്ടാകുമെന്നുമാണ് ദാവൂദ് ഉറപ്പ് നൽകിയിരുന്നത്. ബഹ്‌റൈനിൽ നിന്നും പ്രവാസി തൊഴിലാളികൾ വർഷം തോറും 2.5 ബില്യൻ ഡോളർ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന് സമീപകാല സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കിയിരുന്നു. സമിതിയുടെ തീരുമാനം ചൊവ്വാഴ്ച നടക്കാനിരിക്കുന്ന പ്രതിവാര യോഗത്തിൽ സർക്കാർ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യും.

You might also like

Most Viewed