ബി.­കെ.­എസ് സ്ഥാ­നാ­രോ­ഹണ ചടങ്ങ് ഏപ്രിൽ 13ന്


മനാമ: ബഹ്റൈൻ കേരളീയ സമാജം പുതിയ ഭരണ സമിതിയുടെ 2018-19 വർഷത്തെ ഔദ്യോഗികമായ സ്ഥാനാരോഹണ ചടങ്ങ് ഏപ്രിൽ 13 (വെള്ളിയാഴ്ച) വൈകുന്നേരം 7ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് നടക്കുമെന്ന് സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, സമാജം ജനറൽ സെക്രട്ടറി, എം.പി രഘു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. സമാജത്തിന്റെ ഹെൽപ്പ് ഡസ്ക് ഏഴ് വിഭാഗമായി വിഭജിച്ച് കൊണ്ട് 24 മണിക്കൂർ പ്രവർത്തനസജ്ജമായ ഹെൽപ്പ് ഡസ്ക് രൂപീകരിക്കുമെന്ന് സമാജം പ്രസിഡണ്ട് അറിയിച്ചു.

സിനിമാതാരവും എം.എൽ.എയുമായ മുകേഷ് മുഖ്യാത്ഥിയും, ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഇന്ദ്രൻസ് വിശിഷ്ടാതിഥിയായും, കൂടാതെ പദ്മശ്രീ ഡോ. രവി പിള്ള, ബി.കെ.ജി ഹോൾഡിംഗ് ചെയർമാൻ കെ.ജി ബാബുരാജൻ, എ.വി.എ ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്ടർ ഡോ. എ.വി അനൂപ് എന്നിവർ പ്രത്യേക അതിഥികളാകും. 

സമാജത്തിന്റെ എഴുപതാം വാർഷികത്തിന്റെ പേരിൽ തുടങ്ങിവെച്ച പദ്ധതികളുടെ തുടർച്ചയാണ് ഈ വർഷത്തെ ഭരണസമിതി മുന്നോട്ട് െവയ്ക്കുന്ന പ്രവർത്തനങ്ങൾ. അശരണർക്കൊരു ഭവനം, ബഹ്റൈനിലെ 70 കുട്ടികൾക്ക് സൗജന്യ പാഠപുസ്തകവും യൂണിഫോമും, സമാജം അംഗങ്ങളുടെ കലാസാഹിത്യ സംസ്കാരിക പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കാണ് മുൻഗണന നൽകുന്നത്. കൂടാതെ നിരവധി കർമ്മ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കുമെന്നും ഭരണസമിതി വ്യക്തമാക്കി. പ്രവാസി കുട്ടികളുടെ കലാമാമാങ്കമായ ദേവ്ജി ബി.കെ.എസ് ബാലകലോത്സവം 2018 മത്സരങ്ങളുടെ ഔപചാരികമായ ഉദ്ഘാടനവും അന്നേ ദിവസം നടക്കുമെന്ന് ഭരണസമിതി കൂട്ടിച്ചേർത്തു. 

ജോബ് സെൽ, ആശുപത്രി, വിദ്യാഭ്യാസ സഹായം, ചാരിറ്റി ഫണ്ട്, നോർക്ക, ജയിൽ വിസിറ്റ് എന്നിവ ഇത്തവണത്തെ സമാജം പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തും.

ഈ വർഷത്തെ സമാജം ബിസിനസ് ഐക്കൺ അവാർഡ് ‍ഡോ. എ.വി അനൂപിന് ചടങ്ങിൽ വെച്ച് നൽകും. സമ്മേളനത്തിന് ശേഷം രാത്രി 8 മണിക്ക് ബി.കെ.എസ് സൂര്യ ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായി പ്രശസ്തരായ രമ വൈദ്യനാഥൻ, ദക്ഷിണ വൈദ്യനാഥൻ എന്നീ നർത്തകിമാരുടെ ഭരതനാട്യ നൃത്തവും ഉണ്ടായിരിക്കും. അമ്മയും മകളും ഒരേ വേദിയിൽ നൃത്തം അവതരിപ്പിക്കുന്നു എന്നുള്ള ഒരു പ്രത്യേകതയും ഇതിന് ഉണ്ട്.

ചടങ്ങിൽ മുൻഭരണ സമിതി അംഗങ്ങളെ മൊമെന്റോ നൽകി ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു. ബഹ്റൈൻ കേരളീയ സമാജം പുതിയ ഭരണ സമിതിയുടെ 2017-18 സ്ഥാനാരോഹണ ചടങ്ങിലും നൃത്ത സംഗീത പരിപാടി ആസ്വദിക്കുന്നതിനും എല്ലാവരെയും സമാജത്തിലേയ്ക്ക് ക്ഷണിക്കുന്നതോടൊപ്പം സമാജത്തിന്റെ പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായ സേവനം നൽകിയിട്ടുള്ള എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായി സമാജം ഭരണ സമിതി വ്യക്തമാക്കി. 

ബി.കെ.എസ് പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എം.പി.രഘു, ഇന്റേണൽ ഓഡിറ്റർ മനോജ് സുരേന്ദ്രൻ, ലൈബ്രേറിയൻ അനു തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed