അനധികൃത വീട്ടുജോലിക്കാർ മോഷ്ടാക്കളുടെ ഏജന്റുമാർ?

മനാമ : വീടുകളിൽ നടക്കുന്ന മോഷണങ്ങളുടെ പിറകിൽ അനധികൃത വീട്ടുജോലിക്കാരും ഉണ്ടെന്ന് സംശയിക്കുന്നു. ഗുദൈബിയയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളിൽ വീടുകളിൽ മോഷണം നടന്നതിൽ രണ്ടിടത്തും അനധികൃത വീട്ടുജോലിക്കാർ ജോലി ചെയ്യുന്ന വീടുകളായിരുന്നു. നേരിട്ട് മോഷ്ടാക്കൾ അല്ലെങ്കിലും വീടിന്റെ ഏത് ഭാഗവും കൃത്യമായി അറിയുന്നവർ കവർച്ചാ സംഘങ്ങൾക്ക് വിവരം നൽകുന്നതിൽ ചിലർ ഇത്തരത്തിലുള്ള വീട്ട് ജോലിക്കാരാണ്. പണം സൂക്ഷിക്കുന്ന ഷെൽഫുകൾ, താക്കോൽ സൂക്ഷിക്കുന്ന സ്ഥലം, വീട്ടുകാർ ഇല്ലാത്ത സമയം എന്നിവ കൃത്യമായി അറിയാവുന്ന ഇത്തരം ജോലിക്കാർ വീടുകളുടെ ഫോട്ടോയും മറ്റും വാട്ട്സ്ആപ്പിൽ കൂടിയും മറ്റും കവർച്ചാസംഘങ്ങൾക്ക് കൈമാറാനാണ് സാധ്യത. ഇത്തരത്തിലുള്ളവർ സത്യസന്ധമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന മലയാളികൾ അടക്കമുള്ള വീട്ടു ജോലിക്കാർക്കും പേര് ദോഷമുണ്ടാക്കുന്നുണ്ട്. മുൻപ് പ്രസവ ശുശ്രൂഷകൾക്കും മറ്റും യഥേഷ്ടം ജോലി ലഭിക്കുമായിരുന്നുവെങ്കിലും ഇന്ന് പല വീട്ടുകാരും തങ്ങളെ സംശയ ദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നതെന്നും അതുകൊണ്ട്തന്നെ ഇത് തങ്ങളുടെ ജോലിയേയും ബാധിക്കുന്നുണ്ടെന്നും കൊച്ചി സ്വദേശിനിയായ ഒരു വീട്ടു ജോലിക്കാരി പറഞ്ഞു.
കഴിവതും പരിചയമില്ലാത്തവരെയോ, റെസിഡൻസ് വിസ ഇല്ലാത്തവരെയോ വീട്ടുജോലിക്കായി നിർത്താതിരിക്കുന്നതാണ് ഉചിതമെന്ന് സാമൂഹ്യപ്രവർത്തകർ അഭിപ്രായപ്പെട്ടു. നാട്ടിലെ വിലാസം അടക്കം പരിശോധിക്കുകയും മുൻ പരിചയമുള്ളവരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് കൊണ്ടാകണം വീട്ടു ജോലിക്ക് ആളുകളെ എടുക്കേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു.
നിലവിൽ ഇന്ത്യൻ എംബസി മുഖേന മാത്രമേ വീട്ടു ജോലിക്കായി ആളുകളെ റിക്രൂട്ട് ചെയ്യാൻ നിയമം അനുവദിക്കുന്നുള്ളൂ. രാജ്യത്തേയ്ക്ക് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാൻ നിയമപരമായ നിരവധി കടന്പകൾ ഉള്ളതുകൊണ്ടാണ് പലരും അനധികൃത വീട്ടുവേലക്കാരെ ജോലിക്ക് വെയ്ക്കുന്നത്.