നീലിറ്റ് ആയുർവേദക്ക് ലൈൻട്രസ്റ്റ് 11 മില്യൺ യു.എസ് ഡോളർ വായ്‌പ നൽകി
അംവാജ് : ബ്രിട്ടണിലെ ഏറ്റവും പ്രശസ്തമായ ഫിനാൻഷ്യൽ സ്ഥാപനമായ ലൈൻട്രസ്റ്റ് ഓഫ്‌ഷോർ ലിമിറ്റഡ് നീലിറ്റ് ആയുർവേദ പ്രൈവറ്റ് ലിമിറ്റഡിന് 11 മില്യൺ യു.എസ് ഡോളർ വായ്‌പ നൽകി. നീരജ് കശ്യപ്, ഗീത ഠാക്കൂർ എന്നിവരാണ് ചെക്ക് കൈപ്പറ്റിയത്.
ഔഷധ ചെടികൾ വ്യവസായികാടിസ്ഥാനത്തിൽ ആയുർവേദമരുന്നുകളാക്കുന്നതിനാണ് വായ്‌പ തുകയായ 11 മില്ല്യൻ യു.എസ് ഡോളർ ഉപയോഗിക്കുക. പദ്ധതിയുടെ പ്രാരംഭ ഘട്ടം പൂർത്തിയാക്കാൻ 8 മാസം കഠിനമായി അധ്വാനിച്ചെന്നും തുക കൈപ്പറ്റിയെന്ന് ഇപ്പോളും വിശ്വസിക്കാനാകുന്നില്ലെന്നും മുൻ കാബിനറ്റ് മന്ത്രിയും നീലിറ്റ് ആയുർവേദ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറുമായ ഗീത ഠാക്കൂർ പറഞ്ഞു. വായ്‌പാ തുകയുടെ ചെക്ക് കൈമാറിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
ഈ തുക ചെറുനഗരമായ ഡെറാഡൂണിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാണെന്നും പദ്ധതിയിലൂടെ 500 ലേറെ പേർക്ക് നേരിട്ടോ പരോക്ഷമായോ തൊഴിൽ ലഭിക്കുമെന്നും നീലിറ്റ് ഓപ്പറേഷൻസ് ഡയറക്ടർ നീരജ് കശ്യപ് പറഞ്ഞു. 2018 ഒക്ടോബറിൽ പ്ലാന്റ് പ്രവർത്തനമാരംഭിക്കുമെന്നും കൈപ്പറ്റുന്ന തുക ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്നതിന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മെയ്‌ക്ക് ഇൻ ഇന്ത്യ സംരംഭം വരും വർഷങ്ങളിൽ വിപുലമായ വളർച്ചയാണ് ലക്ഷ്യമിടുന്നതെന്ന് ബഹ്‌റൈൻ അടിസ്ഥാനമായ മിഡിൽ ഈസ്റ്റ് മേഖലയുടെ ഡയറക്ടർ മഹേന്ദ്ര ജോഷി പറഞ്ഞു. പദ്ധതി വരും വർഷങ്ങളിൽ ഉൽപ്പാദന മേഖലയുടെ വളർച്ച കൂട്ടുമെന്നും ചെറുകിട കന്പനികൾക്ക് വലിയ അവസരങ്ങളാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

