സ്വകാര്യ മേഖലയിൽ വേതന സംരക്ഷണം ഉറപ്പാക്കും
മനാമ : സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ വേതന സംരക്ഷണം ഉറപ്പാക്കാൻ ശ്രമിക്കുന്ന പുതിയ സംവിധാനം നടപ്പാക്കുന്നതിന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അധ്യക്ഷനായ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതിയ വ്യവസ്ഥപ്രകാരം സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ ജീവനക്കാരുടെ ശന്പളം ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ നൽകാൻ അനുവദിക്കൂ. സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് സമയത്ത് ശന്പളം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി ക്യാബിനറ്റിനോട് പറഞ്ഞു.
ഗുദൈബിയ കൊട്ടാരത്തിൽ നടന്ന സമ്മേളനത്തിൽ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പങ്കെടുത്തു. ശന്പളപരിഷ്കരണം നിരീക്ഷിക്കാനും സ്വകാര്യമേഖലയിലെ ജീവനക്കാരുടെ താല്‍പര്യങ്ങൾ സംരക്ഷിക്കാനുമായി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ നിയമിച്ച എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ശുപാർശകൾ പരിഗണിച്ചാണ് പുതിയ വ്യവസ്ഥകൊണ്ടുവരാൻ തീരുമാനിച്ചത്.
ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്‌ട്രിയുമായി ചേർന്ന് 2018 മേയിൽ ആരംഭിച്ച് 2019 മെയ് അവസാനത്തോടെ പൂർത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിയിൽ, തൊഴിൽ−സോഷ്യൽ ഡവലപ്മെന്റ് മന്ത്രി അവതരിപ്പിച്ച മെമ്മോറാണ്ടത്തിലെ വ്യവസ്ഥകൾ അനുസരിച്ച് സ്ഥാപനത്തിന്റെ വലിപ്പവും തൊഴിലാളികളുടെ എണ്ണവും വ്യക്തമാക്കണം. രാജ്യത്ത് ലൈസൻസുള്ള സേവന ദാതാക്കളുടേയും എടിഎമ്മുകളുടെയും എണ്ണം വർധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈന് (സിബിബി) മന്ത്രി നിർദേശം നൽകി.

