നഴ്സുമാരുടെ സമരം : സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം മന്ദഗതിയിൽ

കൊച്ചി : സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം മന്ദഗതിയിലാക്കി നഴ്സുമാരുടെ പണിമുടക്ക്. 11−ലധികം മൾട്ടി സ്പെഷാലിറ്റി ആശുപത്രികളുള്ള എറണാകുളം ജില്ലയിൽ മാത്രം 350 അധികം ശസ്ത്രക്രിയകൾ മാറ്റിവച്ചതായി സ്വകാര്യ ആശുപത്രി ഉടമകളുടെ സംഘടന അറിയിച്ചു. കിടത്തി ചികിത്സ ആവശ്യമായ രോഗികളെ സർക്കാർ ആശുപത്രികളിലേക്ക് അയക്കുകയാണ്.
ചേർത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വകാര്യ സഹകരണ ആശുപത്രികളിലെ നഴ്സുമാരുടെ പണിമുടക്ക്. പണിമുടക്കുന്ന നഴ്സുമാർ കെ.വി.എം ആശുപത്രിക്കു മുന്നിൽ സംഘടിച്ച് സമരം തുടരുകയാണ്. ശന്പള വർദ്ധന ആവശ്യപ്പെട്ട് സമരം ചെയ്തതിന്റെ പേരിൽ കെ.വി.എം ആശുപത്രിയിൽ നിന്നു പുറത്താക്കിയ മുഴുവൻ നഴ്സുമാരെയും തിരിച്ചെടുക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് യു.എൻ.എ.