ബഹ്റിനിൽ പൊതുമാപ്പ്

മനാമ: ബഹ്റിനിൽ അനധികൃതമായി തങ്ങുന്ന വിദേശ തൊഴിലാളികൾക്ക് അവരുടെ സാന്നിധ്യം നിയമാനുസൃതമാക്കാനുള്ള അവസരം തുറന്നുകൊടുക്കുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചു. ബഹ്റിനിലെ തൊഴിൽ വിപണിയെ നിയന്ത്രിക്കുന്ന ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ ഒന്ന് മുതൽ ആറു മാസത്തേക്കാണ് പൊതുമാപ്പ് നിലവിലുണ്ടാകുക. ഈ കാലയളവിൽ അനധികൃത തൊഴിലാളികൾക്ക് അവരുടെ രേഖകൾ ശരിയാക്കി പുതിയ തൊഴിലിൽ പ്രവശിക്കാനും അല്ലാത്ത പക്ഷം പിഴ കൂടാതെയും കരിന്പട്ടികയിൽ പെടാതെയും നാട്ടിലേക്കു മടങ്ങാനും സാധിക്കും.
ഈ കാലയളവിൽ നാട്ടിലേക്കു മടങ്ങുന്നവർക്ക് ഭാവിയിൽ ബഹ്റിനിലേക്ക് തിരിച്ചു വരുന്നതിനും തടസ്സം ഉണ്ടാവില്ലെന്ന് എൽ.എം.ആർ.എയുടെ അറിയിപ്പിൽ പറയുന്നു. അനധികൃതമായി ബഹ്റിനിൽ തങ്ങുന്ന തൊഴിലാളികൾക്ക് അവരുടെ താമസം നിയമപരമാക്കാനും പിഴയോ നിയമ നടപടികളോ ഒഴിവാക്കാനും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഒസാമ അൽ അബ്സി പറഞ്ഞു. അനധികൃത തൊഴിലാളികളെ ചൂഷണത്തിന് വിധേയമാവുന്ന അവസ്ഥയിൽ നിന്നും രക്ഷിക്കാനും അവർക്ക് സാന്പത്തിക നഷ്ടം കൂടാതെ പുതുജീവിതം തുടങ്ങാനുമുള്ള അവസരം നൽകാനുമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതുമാപ്പിന്റെ കാലയളവിൽ ലഭ്യമാവുന്ന സേവനങ്ങൾക്ക് തൊഴിൽ ഉടമയോ ഇടനിലക്കാരോ തൊഴിലാളികളിൽ നിന്നും പണം പിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് എൽ.എം.ആർ.എ മേധാവി വ്യക്തമാക്കി.
പൊതുമാപ്പിന്റെ ആനുകൂല്യം ലഭ്യമാക്കാൻ പണം ഈടാക്കുന്നില്ല. തൊഴിലാളികൾ ഈ ആവശ്യത്തിനായി ആർക്കും പണം നൽകാൻ പാടില്ല. ജൂലൈ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ താഴെ പറയുന്ന വിഭാഗ
ങ്ങളിലുള്ള അനധികൃത തൊഴിലാളികൾക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭ്യമാവും. തൊഴിലിടങ്ങളിൽ നിന്നും ഒളിച്ചോടിയവർ (റൺ എവേ), വിസ കാലാവധിക്ക് ശേഷം തങ്ങുന്നവർ, പിരിച്ചുവിട്ട ശേഷം ഒളിച്ചോടി അനധികൃതമായി തങ്ങുന്നവർ, വിസ പുതുക്കാത്തവർ. ഇത്തരം തൊഴിലാളികൾക്ക് പിഴ കൂടാതെ ബഹ്റിൻ വിടാൻ സാധിക്കും. ഇവരെ കരിന്പട്ടികയിൽ പെടുത്താത്തതിനാൽ തിരിച്ചു വരുന്നതിനു തടസ്സമില്ലെന്ന് അധികൃതർ വ്യക്തമാക്കി. മുൻ തൊഴിൽ ഉടമയുടെ സമ്മതം ഇല്ലാതെ തന്നെ ഇപ്പോൾ നില നിൽക്കുന്ന ലംഘനങ്ങൾ ഒഴിവാക്കി നിയമാനുസൃതമായി പുതിയ തൊഴിലിൽ പ്രവേശിക്കാൻ സാധിക്കും. പിഴ കൂടാതെയും കരിന്പട്ടികയിൽ പെടാതെയും ബഹ്റിൻ വിടാൻ ആഗ്രഹിക്കുന്നവർ ഇമിഗ്രേഷൻ ആസ്ഥാനവുമായി (എൻ.പി.ആർ.എ) ബന്ധപ്പെട്ട് പാസ്പോർട്ടും യാത്രാ രേഖകളും ഹാജരാക്കി കാലാവധി നീട്ടി വാങ്ങണമെന്നും എൽ.എം.ആർ.എ അറിയിച്ചു.