പൊതുസ്ഥലങ്ങള്‍ വൃത്തികേടാക്കിയ 109 പേര്‍ക്ക് ജയില്‍ശിക്ഷ


ആഗ്ര: പൊതുസ്ഥലങ്ങള്‍ വൃത്തികേടാക്കിയതിന് 109 പേര്‍ക്ക് ജയില്‍ശിക്ഷ. ആഗ്രയിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ റെയില്‍വേ പോലീസ് നടത്തിയ പരിശോധനയിലാണ് ഇത്തരക്കാരെ പിടികൂടി മാതൃകാപരമായ ശിക്ഷ നല്‍കിയത്.മുഖ്യമായും മൂത്രമൊഴിച്ചതിനും തുപ്പിവെച്ചതിനുമാണ് ശിക്ഷ. 24 മണിക്കൂര്‍ തടവിൽ വച്ച് ഇവരെ വിട്ടയച്ചു. 100 രൂപ മുതല്‍ 500 രൂപ വരെ പിഴയും ഈടാക്കിയിട്ടുണ്ട്.

സ്റ്റേഷനുകളുടെ പരിസരത്ത് മൂത്രമൊഴിച്ചും തുപ്പിവെച്ചും വൃത്തികേടാക്കുന്നത് ശ്രദ്ധയില്‍പെട്ട ആഗ്ര ഡിവിഷന്‍ റെയില്‍വേ പോലീസ് സീനിയര്‍ സൂപ്രണ്ട് ഗോപേഷ്‌നാഥ് ഖന്നയാണ് ഇത്തരക്കാരെ പിടികൂടാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചത്. തുടര്‍ന്നാണ് ആഗ്ര ഡിവിഷന് കീഴിലുള്ള പന്ത്രണ്ടോളം സ്‌റ്റേഷനുകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലങ്ങള്‍ നാട്ടുകാരുടെ പങ്കാളിത്തത്തോടെ വൃത്തിയാക്കിയിരുന്നു. ഇത്തരം സ്ഥലങ്ങള്‍ മാന്യതയില്ലാത്ത പെരുമാറ്റത്തിലൂടെ വീണ്ടും വൃത്തികേടാക്കുന്നതിനെതിരേ നല്‍കിയ മുന്നറിയിപ്പ് കൂടിയാണ് നടപടിയെന്ന് ആഗ്ര റെയില്‍വേ പോലീസ് വ്യക്തമാക്കി.

You might also like

Most Viewed