ഭീകരതയ്ക്കെതിരായ അടുത്ത പോരാട്ടം സൈബർ സ്പെയിസിലായിരിക്കുമെന്ന് വിദഗ്ദ്ധർ

മനാമ : ഭീകരരുമായുള്ള അടുത്ത പോരാട്ടം നടക്കുന്നത് സൈബർ ഡൊമെയ്നിൽ ആയിരിക്കുമെന്നും ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ സൈബർ രംഗത്തെ ഭീഷണിക്കെതിരെ മുൻകരുതലെടുക്കണമെന്നും ജിയോ പൊളിട്ടിക്കൽ ഡ്യൂ ഡിലിജെൻസ് സീനിയർ അഡ്−വൈസർ ജോൺ റൈൻ മുന്നറിയിപ്പ് നൽകി. ഇന്നലെ ഐ.ഐ.എസ്.എസ് ‘മനാമ ഡയലോഗിന്റെ’ സമാപന സമ്മേളനത്തിൽ ‘പ്രാദേശിക വിഷയങ്ങളും ഭീകരവാതവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറേക്കാലമായി ഭീകരതയുടെ പിടിയിലാണ് നമ്മൾ. അത്യാധുനിക രീതിയിലാണ് അവരുടെ മുന്നേറ്റങ്ങളെന്നും റൈൻ പറഞ്ഞു.
ഭീകരതയ്ക്കെതിരായ സഖ്യത്തിലെ എല്ലാ അംഗങ്ങളും നിയമപരവും രാഷ്ട്രീയപരവും സൈനികവുമായ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയൊരു പങ്കുവഹിക്കുന്നു. ഭീകരതയുടെ മറ്റ് രൂപങ്ങളെക്കാൾ സൈബർ ഭീകരതയ്ക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. ഇപ്പോൾ മിഡിലീസ്റ്റിൽ ഇറാൻ ഉയർത്തുന്ന ഭീഷണി വലുതാണ്. ഭീകരപ്രവർത്തനങ്ങൾക്ക് മുഖ്യ സ്പോൺസറായി പ്രവർത്തിക്കുകയാണ് അവരെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ സൈബർ രംഗം സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണെന്നും ജോൺ റൈൻ കൂട്ടിച്ചേർത്തു.