ഓഖി : രാജ്ഭവൻ മാർച്ചിൽ പ്രതിഷേധം ഇരന്പി

തിരുവനന്തപുരം : ഓഖി ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി ലത്തീൻ സഭയുടെ നേതൃത്വത്തിൽ നടത്തിയ മത്സ്യത്തൊഴിലാളികളുടെ രാജ്ഭവൻ മാർച്ചിൽ പ്രതിഷേധം ഇരന്പി. രാജ്ഭവന് മുന്നിൽ പതിനായിരങ്ങൾ അണിനിരന്ന മാർച്ച് പോലീസ് തടഞ്ഞു. കാണാതായ മുഴുവൻ പേരെയും കണ്ടെത്തുക, ദുരന്തനിവാരണ പാക്കേജിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിൽ തികഞ്ഞ അനാസ്ഥയുണ്ടായതായി രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആർച്ച് ബിഷപ്പ് ഡോ. എം. സൂസൈപാക്യം പറഞ്ഞു.
അതേസമയം ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 44 ആയി ഉയർന്നു. പൊന്നാനിയിൽ കടലിൽ ഒഴുകി നടക്കുന്ന നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി.