വൈദ്യശാസ്ത്ര രംഗത്തെ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് ഉപപ്രധാനമന്ത്രി

മനാമ : 2014−24 കാലഘട്ടത്തിൽ ശാസ്ത്രീയ ഗവേഷണത്തിനായുള്ള പദ്ധതികൾക്ക് മുൻഗണന ലഭിക്കാൻ ആരോഗ്യ ഗവേഷണ രംഗങ്ങളിൽ കൂടുതൽ നിക്ഷേപം നടത്തണമെന്ന് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ ആഹ്വനം ചെയ്തു. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ബഹ്റൈൻ മെഡിക്കൽ മാഗസിൻ സംഘടിപ്പിക്കുന്ന പത്താമത് ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ അൽ ഖലീഫ ശാസ്ത്ര ഗവേഷണ അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം ഹെൽത്ത് കൗൺസിൽ പ്രസിഡണ്ടും അവാർഡ് ചെയർമാനുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ആരോഗ്യമന്ത്രി ഫെയ്ഖ ബിൻത് സെയ്ദ് അൽ സലേഹ്, കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കമാൻഡർ മേജർ ജനറൽ ഷെയ്ഖ് സൽമാൻ ബിൻ അത്യാദല്ല അൽ ഖലീഫ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യ ഗവേഷണ രംഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംരംഭമായി അവാർഡ് വിതരണത്തെ പ്രശംസിച്ച ഉപപ്രധാനമന്ത്രി, ഗവേഷകരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതായും വ്യക്തമാക്കി. ബഹ്‌റൈനിലെ ആരോഗ്യ രംഗത്തെ പരിഷ്കരണങ്ങൾക്കുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ സംഭാവനകൾ പരിഗണിച്ചുകൊണ്ടാണ് അവാർഡിന് അദ്ദേഹത്തിന്റെ പേര് നൽകിയതെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു.
ബഹ്‌റൈനിലും അറബ് രാജ്യങ്ങളിലും മെഡിക്കൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനാണ് 2012ൽ ബഹ്റൈൻ മെഡിക്കൽ മാഗസിൻ അവാർഡ് ഏർപ്പെടുത്തിയത്. ഗവേഷണങ്ങൾ മാസികയിൽ പ്രസിദ്ധീകരിക്കും. സുപ്രീം ഹെൽത്ത് കൗൺസിൽ പ്രസിഡണ്ടും ചെയർമാനും അവാർഡ് ദാനം നിർവഹിച്ച ഉപപ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. ഉപപ്രധാനമന്ത്രി വിജയികളെ ആദരിക്കുകയും അവരുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.