തിരുവോണ ആഘോഷങ്ങളുടെ തിരക്കിൽ വിളന്പുകാരനായി എം.എൽ.എ

മനാമ : ബഹ്റൈൻ പ്രവാസികളുടെ ഓണാഘോഷങ്ങളിൽ വിളന്പുകാരന്റെ റോളിൽ എത്തിയ എം.എൽ.എയെ കണ്ടപ്പോൾ പലരിലും അന്പരപ്പും അത്ഭുതവും. ഇന്നലെ പാലക്കാട് ജില്ലാ നിവാസികളുടെ കൂട്ടായ്മയായ പാലക്കാട് ആർട്ട്സ് ആന്റ് കൾച്ചറൽ തീയറ്റർ (പാക്ട്) സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് പാലക്കാട് എം.എൽ.എ ഷാഫി പറന്പിൽ വിളന്പുകാരനായി ഉച്ചയോടെ എത്തിയത്.
പാലക്കാട് ഒ.ഐ.സി.സി ജില്ലാ കമ്മിറ്റി അംഗങ്ങൾക്കൊപ്പം എത്തിയ ഷാഫി പാക്ട് അംഗങ്ങളായ വിളന്പുകാർക്കൊപ്പം ചോറ് വിളന്പാൻ തയ്യാറാവുകയായിരുന്നു. തന്റെ സഹപാഠികളെയും നാട്ടുകാരെയും പ്രവാസ ലോകത്ത് കണ്ടപ്പോൾ നാട്ടിലാണെന്നുള്ള പ്രതീതി തന്നെ തനിക്കുണ്ടായതായും നാട്ടിലെ ഇത്തരം പ്രവർത്തനങ്ങളിൽ സജീവമാകുന്നത് പോലെ തന്നെ ഇവിടെയും ഒത്തുചേർന്നുവെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ഒ.ഐ.സി.സി പാലക്കാട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പാലക്കാട് ഫെസ്റ്റിൽ മുഖ്യാതിഥിയായ ഷാഫിയെ പ്രവത്തകർ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്. പരിപാടിക്ക് ശേഷം മണിക്കൂറുകളോളം പ്രവർത്തകർക്ക് വേണ്ടി സെൽഫി എടുക്കാൻ നിന്നുകൊടുത്തപ്പോഴും പട്ടാന്പി കോളേജിലെ തന്റെ സഹപാഠികൾക്കൊപ്പം കളിച്ചു നടക്കുന്ന പ്രതീതിയാണെന്ന് എം.എൽ.എ പറഞ്ഞു.
പാക്ട് അംഗങ്ങൾക്കൊപ്പം സദ്യ വിളന്പലിൽ പങ്കാളിയായി ഏറെ സമയം അവർക്കൊപ്പം ചിലവഴിച്ചാണ് അദ്ദേഹം മറ്റ് പരിപാടികളിൽ സംബന്ധിക്കാൻ പോയത്. ഒ.ഐ.സി.സി ഗ്ലോബൽ, ദേശീയ കമ്മിറ്റി ഭാരവാഹികളും പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികളും അദ്ദേഹത്തെ അനുഗമിച്ചു.