പാട്ടിന്റെ സ്വർഗ്ഗ സംഗമം തീർത്ത ദേവസംഗീതം ശ്രദ്ധേയമായി

രാജീവ് വെള്ളിക്കോത്ത്
മനാമ : ആയിരങ്ങളെ പാട്ടിന്റെ ആനന്ദലഹരിയിൽ ആറാടിച്ച ദേവസംഗീതം സംഗീത നിശ ശ്രദ്ധേയമായി. ബഹ്‌റൈൻ മാർത്തോമ്മാ പാരിഷിന്റെ ആഭിമുഖ്യത്തിൽ ചോയ്‌സ് അഡ−്വർട്ടൈസിംഗിന്റെ സഹകരണത്തോടെ പ്രമുഖ കീ ബോർഡ് ആർട്ടിസ്റ്റ് സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിലുള്ള സോളിഡ് ബാൻഡാണ് ഇന്നലെ ഏഷ്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ െവച്ച് സംഗീത പരിപാടി അവതരിപ്പിച്ചത്.
ഇസ്രയേലിൻ നാഥൻ എന്ന് തുടങ്ങുന്ന ക്രിസ്തീയ ഭക്തിഗാനത്തോടെ പരിപാടിക്ക് തുടക്കമിട്ട സ്റ്റീഫൻ തന്റെ മാന്ത്രിക വിരലിൽ ദേവസ്പർശത്തോടെ സംഗീതത്തിന്റെ ഇടിമുഴക്കം തന്നെയാണ് പിന്നീട് സൃഷ്ടിച്ചത്. പാട്ടുകാരായി ശ്യാം പ്രസാദ്, രമ്യ എന്നിവരും ചലച്ചിത്രഗാനങ്ങളിൽ മിന്നിത്തിളങ്ങി. മലയാളികളുടെ മനസിൽ എന്നും നിറഞ്ഞു നിൽക്കുന്ന ‘ആയിരം കണ്ണുമായ്’, ‘ഉണ്ണികളേ ഒരു കഥ പറയാം’, തമിഴ് ഗാനമായ ‘മുസ്തഫാ’, ‘കുട്ടനാടൻ പുഞ്ചയിലെ’ എന്നിങ്ങനെ ചലച്ചിത്രഗാനങ്ങളിലൂടെ തന്റെ ഗിറ്റാറിൽ ആസ്വാദകരുടെ മനസ്സ് കീഴടക്കി മുന്നേറിയ സ്റ്റീഫൻ പിന്നീട് രസികപ്രിയ രാഗത്തിലായിരുന്നു ഫ്യൂഷൻ തിരികൊളുത്തിയത്. കാണികളോട് ആശയവിനിമയം നടത്തിയും അവരെക്കൊണ്ടു പാട്ടുപാടിച്ചും തീർത്തും ഒരു മുഴുനീള എന്റർടെയിൻമെന്റ് സൃഷ്ടിക്കാൻ സ്റ്റീഫൻ ദേവസിക്ക് കഴിഞ്ഞു എന്നുള്ളതാണ് പരിപാടിയുടെ മുഖ്യ ആകർഷണം.
12 അംഗങ്ങൾ അടങ്ങിയ സോളിഡ് ബാൻഡിലെ ഓരോ അംഗങ്ങളുടെയും പ്രത്യേകം പ്രത്യേകം പെർഫോമൻസും ഒന്നിനൊന്ന് മികവുറ്റതായിരുന്നു. ലീഡ് ഗിത്താറിസ്റ്റ് ഡർവിൻ ഡിസൂസ, വയലനിസ്റ്റ് ഫ്രാൻസിസ് സേവ്യർ, ഡ്രമ്മർ അഖിൽ ബാബു, പെർക്വിഷനിസ്റ്റ് ഷോമി ദേവിസ് എന്നിവരുടെ അണമുറിയാത്ത തനിയാവർത്തനങ്ങളും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളും കാണികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭൂതിയാണ് സമ്മാനിച്ചത്. വൈകീട്ട് 6:30ന് ആരംഭിച്ച പരിപാടിയിൽ ബഹ്‌റൈനിലെ വിവിധ മേഖലകളിൽ നിന്നുള്ളവരെ ആദരിക്കുകയും ചെയ്തു. 4 പി.എം ന്യൂസ് ആയിരുന്നു പരിപാടിയുടെ മീഡിയ പാർട്ട്ണർ.