സുന്നി സമൂഹത്തിന്റെ ഏകീകരണം അനിവാര്യം: സെയ്യിദ് സൈനുൽ ആബിദ്ദീൻ ബാഫഖി തങ്ങൾ

മനാമ : കേരളത്തിൽ വിവിധ വിഭാഗങ്ങളായി പ്രവർത്തിക്കുന്ന സുന്നി സമൂഹത്തിന്റെ ഏകീകരണം അനിവാര്യമാണെന്നും ഇതിനായി രണ്ടു വിഭാഗങ്ങളുടെയും കൂടിച്ചേരലിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മർക്കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ വൈസ് പ്രസിഡണ്ടും സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ മകനുമായ സെയ്യിദ് സൈനുൽ ആബിദ്ദീൻ ബാഫഖി തങ്ങൾ പറഞ്ഞു. ബഹ്റൈനിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ അദ്ദേഹം 4പിഎം ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. മത, സാമൂഹിക രാഷ്ട്രീയ, വിദ്യാഭ്യാസ രംഗങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച്, പൊതു ജീവിതത്തിൽ സംശുദ്ധിയും, ആത്മാർത്ഥതയും, അർപ്പണ ബോധവും ത്യാഗസന്നദ്ധതയും, സേവനമനസ്ഥിതിയും പ്രവർത്തനത്തിലുടനീളം കാഴ്ചവെച്ച ബാഫഖി തങ്ങളുടെ മാതൃക പിന്തുടർന്ന് കൊണ്ട് പൊതു ജീവിതത്തിൽ മത നേതാക്കളും രാഷ്ട്രീയനേതാക്കളും പ്രവർത്തിക്കണമെന്നും പരസ്പര ശത്രുത വെച്ച് പുലർത്തുന്നത് മുസ്ലിം സമുദായത്തിന് തീർത്തും ദോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പിതാവ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇന്ന് സുന്നി വിഭാഗത്തിൽ ഇത്തരത്തിൽ വിഭാഗീയത ഉണ്ടാവുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും മാറി ആത്മീയതയ്ക്ക് ഊന്നൽ കൊടുക്കുന്നത് കൊണ്ടാണ് താൻ അടക്കമുള്ള നിരവധി പേർ കാന്തപുരത്തിന്റെ കൂടെ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കാന്തപുരത്തിന്റെ വലംകയ്യായി പ്രവർത്തിക്കുന്നതിനും കാരണം മറ്റൊന്നല്ല. ഇതോടൊപ്പം തന്നെ എ.പി, ഇ.കെ വിഭാഗത്തിന്റെ ഒരുമയ്ക്കു വേണ്ടി ആത്മാർത്ഥമായി താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹമായി മുസ്ലിം സമൂഹം മാറുന്നുണ്ട്. സത്യത്തിൽ ഭീകരവാദത്തിനോ, പൊതു സമൂഹത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന പ്രവർത്തനങ്ങളെയോ തങ്ങളാരും തന്നെ അനുകൂലിക്കുന്നില്ല. എന്നാൽ ലോകത്ത് എവിടെ അനിഷ്ട സംഭാവമുണ്ടായാലും അത്് മുസ്ലിം ജനതയുടെ പേരിൽ അടിച്ചേൽപ്പിക്കപ്പെടുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. ഇന്ത്യയിൽ മോഡി സർക്കാർ അധികാരമേറ്റതിനു ശേഷം ഈ പ്രവണത കൂടി വരികയാണ്. ബഹുഭൂരിപക്ഷം വരുന്ന മറ്റു മതസ്ഥർക്കും മുസ്ലിം വിഭാഗവുമായി യോജിപ്പ് കുറഞ്ഞു വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ പിതാവ് ജീവിച്ചിരുന്നപ്പോൾ എല്ലാ മത വിഭാഗക്കാരുമായും സഹോദരന്മാരെപ്പോലെയായിരുന്നു ജീവിച്ചിരുന്നത്. പൊതു പരിപാടികളിൽ പോകുന്പോൾ പോലും ഒരേ വാഹനത്തിൽ വ്യത്യസ്ത രാഷ്ട്രീയ നേതാക്കൾ വരെ ഒന്നിച്ച് സഞ്ചരിക്കുന്ന സാഹചര്യങ്ങൾ വരെ പലപ്പോഴും ഉണ്ടായിട്ടുള്ള കാര്യവും അദ്ദേഹം ഓർമ്മിച്ചു. എന്നാൽ ഇന്ന് ഇസ്ലാമിനെ പഠിക്കാത്തവരും എന്താണ് ഇസ്ലാം മതം പഠിപ്പിക്കുന്നതെന്നും മനസ്സിലാക്കാത്തവരാണ് ഈ വിഭാഗത്തിനെ അകറ്റി നിർത്താനും ഭീകരവാദികളാക്കി മുദ്ര കുത്താനും ശ്രമിക്കുന്നത്.
മുസ്ലിംകളുടെ വിദ്യാഭ്യാസ സാമൂഹ്യ പുരോഗതിക്കും ബാഫഖി തങ്ങളുടെ നേതൃത്വത്തിലുളള ലീഗ് രാഷ്ട്രീയം ഏറെ തുണച്ചുവെന്നതും അനിഷേധ്യ വസ്തുതയാണെന്ന് അദ്ദേഹം ഓർമ്മിച്ചു. ബഹുസ്വര സമൂഹത്തിൽ ജനാധിപത്യ സംവിധാനത്തിൽ പ്രായോഗിക രാഷ്ട്രീയം കൈയാളുന്നതിൽ തങ്ങൾ കാണിച്ച പ്രാഗത്ഭ്യം രാഷ്ട്രീയ വിദ്യാർഥികൾക്ക് പഠന വിധേയമാക്കാവുന്നതാണ്. കച്ചവടക്കാരനായിക്കൊണ്ടു തന്നെ രാഷ്ട്രീയം കൈകാര്യം ചെയ്ത തങ്ങൾ രാഷ്ട്രീയത്തെ ഉപജീവനോപാധിയാക്കിയില്ലെന്ന് മാത്രമല്ല, അധികാരത്തിന്റെ ശീതളച്ഛായ അനുഭവിക്കാനോ ഭരണ സ്വാധീനം സ്വാർഥമായി ദുരുപയോഗം ചെയ്യാനോ മിനക്കെടാതെയാണ് ജീവിച്ചതെന്നും സംസാരങ്ങളിലും സമീപനങ്ങളിലും നിലപാടുകളിലും സന്തുലിതത്വവും മിതത്വവും പാലിച്ചുവെന്നതും ഇന്നത്തെ നേതാക്കള്‍ക്ക് മാതൃകയാവേണ്ട കാര്യമാണ്. മലേഷ്യയിൽ ആത്മീയ പ്രഭാഷകനായും ചികിത്സകനായും പ്രവർത്തിച്ചു വന്നിരുന്ന ആബിദ്ദീൻ ബാഫഖി തങ്ങൾ ഇപ്പോൾ കേരളത്തിലാണ് പ്രവർത്തിക്കുന്നത്. ബഹ്‌റൈനിൽ മകൾക്കൊപ്പം താമസിച്ചു വരുന്ന അദ്ദേഹം ഈ ആഴ്ച തിരിച്ചുപോകും.