ദിറാസിൽ 280ഓളം തീവ്രാദികളെ അറസ്റ്റ് ചെയ്തു

മനാമ : നോർത്തേൺ ഗവർണറേറ്റിലെ ദിറാസിൽ ഇന്നലെ നടത്തിയ സുരക്ഷാ ഓപ്പറേഷനുകളിൽ തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട് 280ലധികം തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളിൽ പോലീസ് തിരഞ്ഞിരുന്ന 286 പേരാണ് അറസ്റ്റിലായത്. പ്രദേശത്തുള്ള ഇസ ഖാസിമിന്റെ വസതിയിൽ നിന്നുമാണ് കൂടുതൽ പേരും പിടിയിലായത്.
ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുകയും, തീവ്രവാദപ്രവർത്തനങ്ങൾ നടത്തുന്നവർക്ക് പിന്തുണ നൽകുകയും ചെയ്തതിനെ തുടർന്ന് ജൂണിൽ ഇസ ഖാസിമിന്റെ ബഹ്‌റൈൻ പൗരത്വം റദ്ദാക്കിയിരുന്നു. നിയമവിരുദ്ധമായി ഫണ്ട് ശേഖരണം നടത്തുകയും, കള്ളപ്പണം സ്വരൂപിക്കുകയും ചെയ്ത കേസിൽ ഇസ ഖാസിമിന് വിധിച്ചിരുന്നു ഒരു വർഷത്തെ ജയിൽ ശിക്ഷയും, 100, 000 ദിനാർ പിഴയും കഴിഞ്ഞ ദിവസം കോടതി ശരിവെച്ചിരുന്നു.
ഓപ്പറേഷനിലൂടെ അനധികൃതമായി റോഡ് ഗതാഗതം തടസപ്പെടുത്തിയത് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ലക്ഷ്യമിട്ടു കൊണ്ടുള്ള അധികൃതരുടെ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് മന്ത്രാലയം പറഞ്ഞു. കുട്ടികളുടെ സുരക്ഷയെ കുറിച്ച് മാതാപിതാക്കൾ ഇപ്പോഴും ശ്രദ്ധിക്കണമെന്നും, തീവ്രവാദവുമായോ, ആയുധശേഖരവുമായോ ബന്ധപ്പെട്ടുള്ള വിവരങ്ങൾ ലഭിച്ചാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.