'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' : അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചേക്കും

തിരുവനന്തപുരം : ഡിജിപി ജേക്കബ്ബ് തോമസിനെതിരെ ചീഫ് സെക്രട്ടറി നളിനി നെറ്റോ. ജേക്കബ്ബ് തോമസിന്റെ പുസ്തകത്തിലെ പല പരാമർശങ്ങളും സർവ്വീസ് ചട്ടങ്ങളുടെ പരസ്യലംഘനമെന്നും ഇക്കാര്യം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.
ജേക്കബ് തോമസിന്റെ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകത്തിനെതിരെ മുഖ്യമന്ത്രിയ്ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്ന് കേന്ദ്ര സര്‍വീസ് ചട്ടങ്ങള്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ പുസ്തകത്തില്‍ 20ൽപരം ഭാഗങ്ങളിൽ ചട്ടലംഘനം നടന്നിട്ടുണ്ടെന്നാണ് നളിനി നെറ്റോയുടെ കണ്ടെത്തല്‍.
സര്‍ക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ അനുമതിയോടെയല്ല പുസ്തകമെഴുതിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ജേക്കബ് തോമസ് പുസ്തകമെഴുതാന്‍ അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസിന് കത്ത് നല്‍കുകകയും ചെയ്തിരുന്നു.
എന്നാല്‍ ജേക്കബ് തോമസ് യാതൊരു വിധത്തിലുള്ള മറുപടിയും നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജേക്കബ് തോമസിന്റെ പുസ്തകത്തില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം പരിശോധിക്കാന്‍ പ്രത്യേക സമിതിയെ വെയ്ക്കാവുന്നതാണ്. അതിനുശേഷം ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.