‘ഇവരെന്നും ഒപ്പം’... മിനുങ്ങും മിന്നാമിനുങ്ങായ്...

കളിക്കൂട്ടുകാരും നാട്ടുകാരുമായിരുന്നവർ ജോലിയും ഉപരി പഠനങ്ങളുടെ തിരക്കിലുമായി പരസ്പരം വേർതിരിക്കപ്പെട്ടപ്പോൾ വീണ്ടും ഒരുമിക്കാനും കൂട്ട് കൂടാനും സംഗീതം അവർക്കൊരു നിമിത്തമായി. ആ നിമിത്തം അവരെ പ്രശസ്തിയിലേയ്ക്ക് എത്തിച്ചു എന്ന് മാത്രമല്ല, മലയാളചലച്ചിത്ര ഗാനരംഗത്ത് കുറെ നല്ല പാട്ടുകളും ഇവർ സമ്മാനിക്കുന്നു.
ഒപ്പം എന്ന ചിത്രത്തിലൂടെ ഈണങ്ങൾ നൽകി ചലച്ചിത്ര ഗാനരംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച സംഗീത സംവിധായകരായ നാൽവർ സംഘത്തിലെ ബിബി മാത്യൂസ്, ജിം ജേക്കബ്, എൽദോസ് ഏലിയാസ് എന്നിവരാണ് കഴിഞ്ഞ ദിവസം 4 പി.എം ന്യൂസുമായി അവരുടെ സംഗീത വിശേഷങ്ങൾ പങ്കുെവച്ചത്. മെയ് 25ന് ഇന്ത്യൻ ക്ലബ്ബിൽ െവച്ച് നടക്കുന്ന പാൻ അങ്കമാലിയുടെ വാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ് അങ്കമാലിക്കാരായ ഈ കലാകാരന്മാർ ബഹ്‌റൈനിൽ എത്തിയത്.
സംഘത്തിലെ നാലാമൻ ജസ്റ്റിൻ ജയിംസ് കൂടെ ഇല്ലാത്തതിന്റെ സങ്കടം ഒഴിച്ചാൽ ബഹ്‌റൈനിൽ എത്തിയതിന്റെ ആഹ്ലാദത്തിലാണ് മൂവരും. കൂട്ടത്തിൽ ബിബിയാണെങ്കിൽ തന്റെ ആദ്യ വിദേശ യാത്രയുടെ ത്രില്ലിലും ആയിരുന്നു. നാട്ടിൽ നിന്നും വിട്ടു നിന്നതുകൊണ്ട് മൊബൈൽ ഫോൺ കോളുകളൊന്നും ഇല്ലാത്തതിനാൽ ഒരുപാട് ഒഴിവു സമയം ലഭിച്ചു.
അതുകൊണ്ട് തന്നെ സന്തത സഹചാരിയായ ഗിറ്റാറിന്റെ ശ്രുതിക്കൊപ്പം പുതിയ ചില ഈണങ്ങളൊക്കെ ചെയ്യാൻ സാധിച്ചതായി ഇവർ പറഞ്ഞു. അങ്കമാലിയിൽ അടുത്തടുത്ത വീടുകളിൽ താമസിച്ചിരുന്ന നാലു പേർക്കും പാട്ടിനോട് പണ്ടേ ഇഷ്ടമായിരുന്നു. പള്ളി ക്വയറുകളിൽ പാടിത്തുടങ്ങിയ ആ ഇഷ്ടം പിന്നീട് നാലുപേരും ചേർന്നുള്ള മ്യൂസിക് ബാൻഡ് തുടങ്ങുന്നതിലേയ്ക്ക് കാര്യങ്ങളെത്തി. 9−1-B-C എന്നായിരുന്നു ബാന്റിന്റെ പേര്. ബാൻഡുമായി പല പരിപാടികളിലും സജീവമായി വരുന്നതിനിടെയാണ് പഠനവുമായി ബന്ധപ്പെട്ട് വേർപിരിയേണ്ടി വന്നത്.