ലോകകപ്പ് ഫുട്‌ബോളിനുള്ള അന്തിമ ലിസ്റ്റ് തയ്യാറായി

ന്യൂഡല്‍ഹി : ഒക്ടോബർ മാസത്തിൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിൽ പങ്കെടുക്കുന്ന ടീമുകളുടെ അന്തിമ ലിസ്റ്റ് തയ്യാറായി. 24 ടീമുകളാണ് ഒക്ടോബറില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുന്നത്.
ആഫ്രിക്കയില്‍നിന്നുള്ള ടീമുകൾ കൂടി തീരുമാനയത്തോടെയാണ് അന്തിമ ലിസ്റ്റ് തയ്യാറായത്. ഗാബണിൽ നടക്കുന്ന അണ്ടർ 17 ആഫ്രിക്കൻ നേഷന്‍സ് കപ്പിൽ മുന്നിലെത്തിയ ആദ്യ നാലു ടീമുകളാണ് ലോകകപ്പിനു യോഗ്യത നേടിയത്. ആഫ്രിക്കൻ നേഷന്‍സ് കപ്പിൽ സെമിഫൈനൽ കടന്ന മാലിയും നൈജറുമാണ് പട്ടികയിലേക്ക് അവസാനമെത്തിയത്. അംഗോളയെ 6-1നു പരാജയപ്പെടുത്തിയാണ് നിലവിലെ ആഫ്രിക്കൻ കപ്പ് ചാമ്പ്യന്മാരായ മാലി ഫൈനലിലെത്തിയത്. ടാന്‍സാനിയയെ 1-0നു പരാജയപ്പെടുത്തി ഫൈനലിലെത്തിയ നൈജർ ആദ്യമായാണ് ലോകകപ്പിനു യോഗ്യത നേടുന്നത്.
യൂറോപ്പ്, ലാറ്റിനമേരിക്ക, ഏഷ്യ, ഓഷ്യാനിയ, കോണ്‍കാകാഫ് മേഖലകളില്‍നിന്നുള്ള ടീമുകളുടെ പട്ടിക നേരത്തെ തയ്യാറായിരുന്നു.
കടുത്ത പോരാട്ടം നടന്ന യൂറോപ്പില്‍നിന്ന് ഇറ്റലി, പോര്‍ച്ചുഗൽ, ഹോളണ്ട് എന്നീ പ്രമുഖര്‍ക്ക് യോഗ്യത ലഭിച്ചില്ല. ലാറ്റിനമേരിക്കയിൽ നിന്ന് യോഗ്യത ലഭിക്കാതെപോയ പ്രധാന ടീം അര്‍ജന്‍റീനയാണ്. ആഫ്രിക്കയില്‍നിന്ന് നിലവിലെ ചാമ്പ്യന്മാരായ നൈജീരിയയ്ക്കും,കാമറൂൺ, ഐവറികോസ്റ്റ് തുടങ്ങിവർക്കും യോഗ്യത നേടാനായില്ല.
ഏഷ്യയില്‍നിന്നു യോഗ്യത ലഭിക്കാത്ത പ്രമുഖ ടീം ദക്ഷിണകൊറിയയും സൗദി അറേബ്യയുമാണ്. ഓഷ്യാനിയയില്‍നിന്ന് ഓസ്‌ട്രേലിയയ്ക്കു യോഗ്യത ഇല്ല.