ബഹ്‌റിനിലെ മഴ : സമ്മിശ്ര പ്രതികരണവുമായി പ്രദേശവാസികൾ

മനാമ : കഴിഞ്ഞ ദിവസങ്ങളിൽ ബഹ്‌റിനിൽ തുടരുന്ന ശക്തമായ മഴയിൽ ജനങ്ങളുടെ സാധാരണ ജീവിതം താറുമാറായിരിക്കുകയാണ്. പല പ്രദേശങ്ങളിലും മഴവെള്ളം കെട്ടിക്കിടക്കുകയാണ്. ഇതിനെക്കുറിച്ച് പ്രദേശവാസികൾക്ക് സമ്മിശ്ര പ്രതികരണമാണ് ഉള്ളത്. പലർക്കും ഈ ദുരിതപൂർണമായ അന്തരീക്ഷത്തിൽ പരാതിയാണുള്ളത്. ഗതാഗതവും വൈദ്യുതി ബന്ധമടക്കമുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളെപ്പോലും ബാധിച്ചിരിക്കുന്ന മഴയെ പഴിക്കുകയാണ് ചിലർ.
എന്നാൽ ഈ മഴയെയും ആസ്വാദ്യകരമാക്കുകയാണ് മറ്റു ചിലർ, പ്രത്യേകിച്ചും യുവാക്കൾ. പുതിയ പല വഴികളും പരീക്ഷിച്ചാണ് ഇവർ ഇതൊരു ജലോത്സവമാക്കി മാറ്റുന്നത്.
റോഡിൽ വെള്ളം കയറിക്കിടക്കുന്നതിനാൽ ബിലാദ് അൽ ഖദീമിൽ അടുത്തുള്ള വീടുകളിലേക്കും, സ്ഥലങ്ങളിലേക്കും പോകുന്നത് തങ്ങളുടെ ബോട്ടുകളിലാണ്.
ചിലർ ചെറുതോണികളിൽ കറങ്ങി നടക്കുമ്പോൾ, മറ്റു ചിലർ വെള്ളത്തിൽ ഫുട്ബോൾ പോലുള്ള കായിക വിനോദങ്ങളിൽ ഏർപ്പെടുകയാണ്.
ഹമദ് ടൗണിൽ ഒരാൾ കുട്ടികളെ കയറ്റി സൗജന്യമായി ജെറ്റ് ബോട്ടുകളിൽ റൈഡ് നടത്തുകയാണ്. ആലിയും തുബ്ലിയും തമ്മിൽ ബന്ധിപ്പിക്കുന്ന ടണലിൽ ചിലർ മത്സ്യബന്ധനത്തിൽ ഏർപ്പെടുകയും ചെയ്യുന്നു.