ബഹ്‌റിനിലെ സ്‌കൂളുകൾക്ക് നേരെ നിരവധി ആക്രമണങ്ങൾ

മനാമ : കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ രാജ്യത്തെ പബ്ലിക് സ്‌കൂളുകൾക്ക് നേരെ പത്തോളം തീവ്രവാദ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. രാജ്യത്തിൻറെ പലഭാഗങ്ങളിലായുള്ള ആറു സ്‌കൂളുകളെ ലക്‌ഷ്യം വെച്ചാണ് പ്രധാനമായും ആക്രമണങ്ങൾ നടക്കുന്നത്.
2011നു ശേഷം ഇത് 521ാമത്തെ തവണയാണ് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നേരെ ആക്രമണമുണ്ടാകുന്നത്.
ഗവണ്മെന്റ് പുതുതായി നിർമ്മിച്ച മാൽകിയ ഇന്റർമീഡിയറ്റ് ഗേൾസ് സ്‌കൂളിൽ കഴിഞ്ഞ ദിവസം ചില അതിക്രമിച്ചു കടന്നിരുന്നു, സ്‌കൂൾ ഗാർഡിനെ ഭീഷണിപ്പെടുത്തിയ ഇവർ സ്‌കൂളിലെ എട്ടു അഗ്നിശമന ഉപകരണങ്ങൾ മോഷ്ടിക്കുകയൂം ചെയ്തു. ഇത്തരം ഉപകരണങ്ങൾ തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
ദിറാസ് ഇന്റർമീഡിയേറ്റ് ഗേൾസ് സ്‌കൂളിലും അഞ്ചു പ്രാവശ്യം ആക്രമണങ്ങൾ ഉണ്ടായി. അക്രമികൾ സ്‌കൂളിന്റെ ചുവരുകൾ തകർക്കുകയും, സി.സി.ടി.വികൾ നശിപ്പിക്കുകയും, സ്‌കൂളിലേക്കുള്ള റോഡുകൾ ഇരുമ്പ് ദണ്ഡുകളും, മരക്കഷ്ണങ്ങളും ഉപയോഗിച്ച് തടസപ്പെടുത്തുകയും ചെയ്തു.
ഇതിനുപുറമെ സനാബിസ്, ബിലാദ് അൽ ഖ്അതീം, സിത്ര എന്നിവിടങ്ങളിലെ സ്‌കൂളുകളെ ലക്ഷ്യമാക്കി തീവയ്‌പ്പും സ്ഫോടനങ്ങളും പോലുള്ള ആക്രമണങ്ങൾ ഉണ്ടായതായി അധികൃതർ കൂട്ടിച്ചേർത്തു.