ഭർത്താവിന് വേണ്ടി പിഞ്ചു കുഞ്ഞിനെ യുവതി കൊലപ്പെടുത്തി


ഹൈദരാബാദ്; ഭര്‍ത്താവിന്റെ വിവാഹമോചന ഭീഷണിയെ തുടര്‍ന്ന് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ യുവതി കൊലപ്പെടുത്തി. തെലുങ്കാനയിലെ നല്‍ഗോണ്ട ജില്ലയിലാണ് ഈ ദാരുണമായ സംഭവം നടന്നത്. ഇനിയും പെണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ മറ്റൊരു സ്ത്രീയുമായി താന്‍ ജീവിതം തുടങ്ങുമെന്ന് പറഞ്ഞായിരുന്നു യുവാവിന്റെ ഭീഷണിപ്പെടുത്തല്‍.
പാലില്‍ കീടനാശിനി കലര്‍ത്തിയാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ നാഗമണിയെയും ഭര്‍ത്താവ് രാമവത് ജയരാമിനെയും നല്‍ഗോണ്ട പോലീസ് അറസ്റ്റ് ചെയ്തു. ദേവര്‍ഗോണ്ട ആശുപത്രിയില്‍ നാല് ദിവസം ചികത്സയില്‍ കഴിഞ്ഞ കുഞ്ഞ് ഫെബ്രുവരി ഒന്‍പതിനാണ് മരിച്ചത്.കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് അറിഞ്ഞതോടെ നല്‍ഗോണ്ട പോലീസ് കേസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
ദമ്പതികളുടെ മൂന്നാമത്തെ പെണ്‍ കുഞ്ഞാണിത്. രണ്ടാമത്തെ കുട്ടി പ്രസവത്തോടെ തന്നെ മരിച്ചിരുന്നു. അഞ്ച് വയസ് മാത്രം പ്രായമുള്ള മൂത്ത കുട്ടി യുവാവിന്റെ പിതാവിനൊപ്പമാണ് താമസിക്കുന്നത്. രണ്ടാമതും പെണ്‍കുഞ്ഞായപ്പോള്‍ കൊല്ലുകയല്ലാതെ മറ്റൊരു വഴിയില്ലെന്നായിരുന്നു സംഭവത്തില്‍ യുവതി പോലീസിനോട് പറഞ്ഞത്. ആണ്‍കുഞ്ഞ് ഉണ്ടാകുന്നതിന് വേണ്ടി മുമ്പ് കുടുംബത്തില്‍ പ്രാര്‍ത്ഥനകള്‍ നടത്തിയതായും പോലീസ് അന്വേഷണത്തില്‍ യുവതി പറഞ്ഞിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed