ശമ്പള പ്രശ്നം : ട്രേഡിംഗ് കന്പനി ജീവനക്കാർ ഇന്ത്യൻ എംബസിയിൽ

മനാമ : വാഗ്ദാനം ചെയ്ത ശന്പളം നൽകാത്തതിനാൽ ജോലി ഉപേക്ഷിച്ച് പോകാൻ തയ്യാറായാണെന്ന് അറിയിച്ചപ്പോൾ പാസ്പോർട്ട് പിടിച്ചു വെച്ച് ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നു എന്ന പരാതിയുമായി ഉമ്മൽ ഹസത്തെഇലക്ട്രിക്കൽ ട്രേഡിംഗ് കന്പനി ജീവനക്കാർ ഇന്ത്യൻ എംബസിയിൽ എത്തി.
കൊല്ലം അഞ്ചൽ സ്വദേശിയും കന്പനിയിലെ സെയിൽസ്മാനുമായ അനീഷും കന്പനിയിലെ തന്നെ വനിതാ അക്കൗണ്ടന്റുമാണ് ഇന്നലെരാവിലെ നടന്ന ഇന്ത്യൻ എംബസി ഓപ്പൺഹൗസിൽ പരാതി നൽകിയത്.
ബഹ്‌റിനിൽ തന്നെ മറ്റൊരുകന്പനിയിൽ ജോലി ചെയ്തിരുന്ന അനീഷ് 11 മാസം മുന്പാണ് ഔട്ട് ഡോർ സെയിൽസ്മാനായി ഇവിടെ ജോലിക്കെത്തിയത്. മൂന്ന് മാസം പ്രൊബേഷൻ കാലയളവിന് ശേഷം നിയമനവും എന്നായിരുന്നു കരാർ. മൂന്ന് മാസം കഴിഞ്ഞപ്പോൾ ജോലിയിൽ സ്ഥിരം നിയമനം ലഭിക്കുകയും ജോലി സാധാരണ രീതിയിൽ തുടരുകയും ചെയ്തു. ഒരു വർഷത്തെ വിസയായിരുന്നു കന്പനി അന്ന് എടുത്തിരുന്നത്. ഏഴ് മാസം കഴിഞ്ഞപ്പോൾ ജോലിയിലെ പ്രകടനം തൃപ്തികരമല്ലെന്ന കാരണത്താൽ പറഞ്ഞുറപ്പിച്ച ശന്പളം കുറയ്ക്കുകയാണെന്ന് കന്പനി അറിയിച്ചു. അതുപ്രകാരം സമ്മതപത്രവും അനീഷിന്റെ പക്കൽ നിന്ന് ഒപ്പിട്ടു വാങ്ങി. കൂടാതെ പാസ്പോർട്ട് കന്പനിയുടെ കൈവശം വാങ്ങിവെയ്ക്കുകയും ചെയ്തു. ഇതിന് ശേഷം നാല് മാസം മാത്രം വിസ കാലാവധി അവസാനിക്കാനിരിക്കെ വീണ്ടും ശന്പളം കുറയ്ക്കുകയും ഒരുമാസത്തെ ശന്പളം തടഞ്ഞ് െവയ്ക്കുകയും ചെയ്തതായി അനീഷ് ആരോപിക്കുന്നു.
മകന്റെ പാസ്പോർട്ട് എടുക്കുന്നതിന് വേണ്ടി തന്റെ പാസ്സ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ തരാൻ വിസമ്മതിച്ചതിനെ തുടർന്ന് കന്പനിയിൽ തുടരാൻ താല്പര്യമില്ലെന്നും പോകാൻ അനുവധിക്കണമെന്നും എച്ച്.ആർ മാനേജരോട് ആവശ്യപ്പെട്ടപ്പോൾ തടഞ്ഞുവെയ്ക്കപ്പെട്ട ശന്പളം കൂടാതെ 500 ദിനാർ കന്പനിയിൽ കെട്ടിവച്ചാൽ മാത്രമേ പോകാൻ അനുവദിക്കൂ എന്ന് എച്ച്.ആർ മാനേജർ ഭീഷണിപ്പെടുത്തി. കന്പനിക്ക് പിരിഞ്ഞുകിട്ടാനുള്ള മുഴുവൻ തുകയും മാർക്കറ്റിൽ നിന്ന് പിരിച്ചു നൽകിയ അനീഷ് എൽ.എം.ആർ.എയിൽ ചെന്ന് മൊബിലിറ്റി എടുക്കുകയും കന്പനിയിൽ നിന്ന് വിടുതൽ നൽകാൻ അപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു.
അക്കൗണ്ടന്റ് എന്ന നിലയിൽ തനിക്ക് ജോലിയിൽ തുടരാൻ കഴിയില്ലെന്ന് കന്പനിയെ അറിയിച്ച മലയാളി വനിതയും തനിക്കെതിരെ കന്പനി കള്ളക്കേസ് നൽകിയിട്ടുണ്ടെന്നും ജീവനക്കാരോട് കന്പനി ധിക്കാരപരമായ നിലപാടാണ് സ്വീകരിച്ചു വരുന്നതെന്നും ഓപ്പൺഹൗസിൽ പരാതിപ്പെട്ടു.
അതേസമയം ഈ ജീവനക്കാർ പറയുന്നതെല്ലാം അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും ആരോപണമുന്നയിച്ച ജീവനക്കാർക്കെതിരെ പോലീസ് കേസ് നിലവിലുണ്ടെന്നും കന്പനി അധികൃതർ ഫോർ പി.എം ന്യൂസിനോട് പറഞ്ഞു. ജീവനക്കാരുടെ കൈയിൽ നിന്ന് പരാതി ലഭിച്ച സാഹചര്യത്തിൽ എംബസിയിൽ നിന്ന് കന്പനി ഉടമകൾക്ക് നോട്ടീസ് അയക്കുമെന്ന് എംബസി ഫസ്റ്റ് സെക്രട്ടറി മീരാ സിസോദിയ പറഞ്ഞു.