ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ സൗദിയില്‍ പട്ടിണിയില്‍: സഹായമഭ്യർഥിച്ച് സുഷമ

ന്യൂദല്‍ഹി: സൗദി അറേബ്യയില്‍ ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുമൂലം 10,000ല്‍ അധികം ഇന്ത്യക്കാര്‍ കടുത്ത പട്ടിണി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സ്വന്തം സഹോദരങ്ങളെ സഹായിക്കണമെന്ന് സുഷമ സൗദിയിലെ ഇന്ത്യക്കാരോട് അഭ്യര്‍ഥിച്ചു. ഇന്ത്യക്കാരുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തേക്കാള്‍ വലുതല്ല മറ്റൊന്നുമെന്നും സുഷമ ഓര്‍മിപ്പിച്ചു. 30 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. റിയാദിലുള്ള ഇന്ത്യന്‍ എംബസിയോട് ആ രാജ്യത്ത് തൊഴിലില്ലാത്ത ഇന്ത്യക്കാര്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടതായും സുഷമ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയത്.
വലിയ പ്രതിസന്ധിയാണ് സൗദിയിലും കുവൈത്തിലുമുള്ള ഇന്ത്യക്കാര്‍ നേരിടുന്നത്. അവര്‍ക്ക് ഏറെ നാളായി ജോലിയോ വേതനമോ ലഭിക്കുന്നില്ല. ഇത് മുന്‍കാലങ്ങളെയാക്കെ അപേക്ഷിച്ച് ഏറെ വലുതാണെന്നും സുഷമ പറയുന്നു. ജിദ്ദയില്‍ 800ല്‍പരം ഇന്ത്യക്കാര്‍ കഴിഞ്ഞ മൂന്നുദിവസമായി ഭക്ഷണമില്ലാതെ വലയുകയാണെന്ന ഒരാളുടെ ട്വീറ്റിനെത്തുടര്‍ന്നാണ് സുഷമ സ്വരാജ് വിഷയത്തിലിടപെട്ടത്. അതേസമയം, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 800 ഇന്ത്യക്കാര്‍ മാത്രമല്ല കഷ്ടപ്പെടുന്നതെന്നും 10,000ല്‍ അധികംപേര്‍ പട്ടിണിയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സൗദിയിലും കുവൈത്തിലുമുള്ള നിരവധി ഇന്ത്യക്കാര്‍ക്കാണ് ജോലി നഷ്ടമായിരിക്കുന്നത്. വേതനം പോലും മുഴുവനായും നല്‍കാതെയാണ് പല ഫാക്ടറികളും അടച്ചുപൂട്ടിയത്. ഭക്ഷണം പോലും കഴിക്കാനില്ലാത്ത് ഒരു അവസ്ഥയിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. വിഷയത്തില്‍ ഇടപെടാനായി ജിദ്ദയിലെ ഹൈവേ ക്യാംപിലേക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ പോയിട്ടുണ്ടെന്നും സുഷമ അറിയിച്ചു. ജിദ്ദയിലെ ഇന്ത്യന്‍ സമൂഹവുമായി സഹകരിച്ച് 15,475 കിലോയോളം വരുന്ന ഭക്ഷ്യവസ്തുക്കളും മറ്റുള്ളവയും കോണ്‍സുലേറ്റ് അധികൃതര്‍ കൈമാറിയിട്ടുണ്ട്.