ബഹ്റിൻ ദേശീയ ദുരന്ത നിവാരണ സമിതി യോഗം ചേർന്നു

മനാമ : ദുരന്തങ്ങൾ നേരിടുന്നതിൽ രാജ്യത്തിന്റെ ജാഗ്രത വിലയിരുത്താനായി ബഹ്റിൻ ദേശീയ ദുരന്ത നിവാരണ സമിതി ഇന്നലെ യോഗം ചേർന്നു. ദേശീയ സുരക്ഷാ വിഭാഗം മേധാവി മേജർ ജനറൽ താരിഖ് അൽ ഹസ്സന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. രാജ്യത്തെ നിലവിലെ സ്ഥിതിഗതികൾ സമിതി ചർച്ച ചെയ്തു.
ദുരന്തങ്ങൾ ഉണ്ടാകുന്ന അവസരങ്ങളിൽ പിന്തുടരേണ്ട തയ്യാറെടുപ്പുകളും നടപടികളുമാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തത്. ഇതിനായി വിഭാവനം ചെയ്തിരിക്കുന്ന 'നാഷണൽ അലാറം സിസ്റ്റ'ത്തെക്കുറിച്ച് ചടങ്ങിൽ സംസാരിച്ച മേജർ ജനറൽ താരിഖ് അൽ ഹസ്സൻ ഊന്നിപ്പറഞ്ഞു.
മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി (മേഴ്സ്)യുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനെക്കുറിച്ച് ഹൊസ്പിറ്റൽസ് അണ്ടർ സെക്രട്ടറിയും ആരോഗ്യമന്ത്രാലയത്തിന്റെ പ്രതിനിധിയുമായ ഡോ. വലീദ് അൽ മനാ സംസാരിച്ചു. വിഷയത്തിൽ ലോകാരോഗ്യസംഘടനയുടെ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ദുരന്തനിവാരണത്തിനായി ഒരു മീഡിയ പ്ലാൻ തയ്യാറാക്കാനും ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുമായി സഹകരിക്കാനും യോഗം തീരുമാനിച്ചു. മേഖലയിൽ ഇത്തരത്തിലുള്ള സാഹചര്യങ്ങൾ നേരിടുന്നതിന് ജനങ്ങളെ ബോധവൽക്കരിക്കാനായി വിദഗ്ദ്ധ പരിപാടികളും കോഴ്സുകളും സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചിട്ടുണ്ട്.