ബഹ്റിനിൽ ചികില്‍സയിലായിരുന്ന മലയാളി നിര്യാതനായി

മനാമ : താമസ സ്ഥാലത്ത് അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്നു ചികില്‍സയിലായിരുന്ന പ്രവാസി നിര്യാതനായി. അടൂര്‍ കണ്ണങ്കോട്ട് തുണ്ടത്തില്‍ പരേതനായ സെയ്ദ് മുഹമ്മദ് ബാവ റാവുത്തര്‍- റുഖുമ്മ ദമ്പതികളുടെ മകന്‍ റഹ്മത്തുല്ല ഖാന്‍(51) ആണു മരിച്ചത്.
ലിമോസിന എന്ന ടൂറിസ്റ്റ് സര്‍വീസ് കമ്പനിയില്‍ മൂന്നു വര്‍ഷമായി ഡ്രൈവറായിരുന്നു റഹ്മത്തുല്ല. ലീവ് കഴിഞ്ഞ് ജനുവരി 14 നാണു ഇദ്ദേഹം നാട്ടില്‍ നിന്ന് എത്തിയത്. കമ്പനി താമസസ്ഥലത്ത് ബോധ രഹിതനായി കിടക്കുന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മസ്തിഷ്‌കാഘാതമാണെന്നാണ് നിഗമനം.
കെ.എം.സി.സി ബഹ്‌റിൻ സൗത്ത് സോണ്‍ വൈസ് പ്രസിഡന്റ് ഫിറോസ് പന്തളത്തിന്റെ സഹോദരി ഭര്‍ത്താവാണ്. തനൂജയാണു ഭാര്യ. രേഷ്മാഖാന്‍, റിയാസ് ഖാന്‍, റമീസ് ഖാന്‍ എന്നിവര്‍ മക്കളാണ്.
മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകുന്നതിന് കമ്പനി അധികൃതരും കെ.എം.സി.സി പ്രവര്‍ത്തരും ശ്രമം നടത്തുന്നു. കരിം കുളമുള്ളതില്‍, കെ എം സെയ്ഫുദ്ദീന്‍, തേവലക്കര ബാദുഷ എന്നിവര്‍ നടപടികള്‍ക്കു നേതൃത്വം നല്‍കി.