കലാകാരന് രാഷ്ട്രീയം മനസ്സിനകത്ത് മതി : ആർട്ടിസ്റ്റ് ശശികല

മനാമ : കലാകാരന് രാഷ്ട്രീയം ഉണ്ടാകുന്നതിൽ തെറ്റില്ലെന്നും എന്നാൽ അത് മനസ്സിൽ മതി എന്നും പ്രശസ്ത ചിത്ര−ശിൽപ്പ കലാകാരനും കേരളാ ലളിതകലാ അക്കാദമി,ഫോക് ലോർ അക്കാദമി അംഗവുമായ ശശികല പറഞ്ഞു. കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ വിഷു ആഘോഷ പരിപാടിയിൽ വിശിഷ്ടാതിഥി ആയെത്തിയ അദ്ദേഹം കേരളത്തിലെ തെരഞ്ഞെടുപ്പു കാര്യങ്ങളെപ്പറ്റി ഇന്ന് രാവിലെ ഫോർ പി.എം.ന്യൂസിനോട് സംസാരിക്കവേ ആണ് ഇത് പറഞ്ഞത്. ഇന്ന് പല ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ രംഗത്തേയ്ക്ക് ഇറങ്ങിയിരിക്കുകയാണ്. പൊതു ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന കലാകാരന്മാർ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആളായി മാറുന്നത് നല്ല പ്രവണതയല്ലെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ഒരു കോൺഗ്രസുകാരനാണ്. എന്നാൽ ഇടതുപക്ഷ നേതാക്കളുമായി നല്ല ബന്ധമാണുള്ളത്. പക്ഷെ ഒരിക്കലും ഒരു വിഭാഗീയമായി അക്കാദമിയിൽ പോലും പ്രവർത്തിച്ചിട്ടില്ല. ഇത്തവണത്തെ ലളിത കലാ അക്കാദമിയുടെ പ്രവർത്തനം നോക്കിയാൽ തന്നെ ഏതൊരാൾക്കും മനസ്സിലാകുന്ന കാര്യമാണിത്. മുൻ സാംസ്കാരിക മന്ത്രി തുടങ്ങിവച്ച അക്കാദമിയുടെ പല പദ്ധതികളും ഈ അക്കാദമി വർഷത്തിൽ പൂർത്തീകരിക്കുയുണ്ടായി. രാഷ്ട്രീയ വക തിരിവില്ലാതെ തന്നെ കലാകാരന്മാരെ അംഗീകരിക്കുകയും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ പല ജനപ്രതിനിധികളുടെയും മൺഡലങ്ങളിലും അക്കാദമിയുടെ ക്യാമ്പുകളും ചിത്രകലാ പരിശീലന പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി.
കേരളത്തിൽ നിരവധി ചിത്ര ശിൽപ കലാകാരന്മാർ ഉണ്ടെങ്കിലും അവരൊന്നും ദേശീയ,അന്താരാഷ്‌ട്ര തലങ്ങളിൽ ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ആർക്കെങ്കിലും ഒരു അവാർഡ് ലഭിക്കുകയോ അംഗീകാരം ലഭിക്കുകയോ ചെയ്‌താൽ അവരെ മാത്രം ഉയർത്തിക്കൊണ്ട് വരുന്ന രീതിയാണ് മലയാളികളുടെത്. ആ രീതി മാറണം.
തെരഞ്ഞെടുപ്പ് വരുന്നതോടെ ഒരു കാലത്ത് ഏറ്റവും കൂടുതൽ ജോലി ലഭിച്ചിരുന്ന വിഭാഗമായിരുന്നു ചിത്ര കലാകാരന്മാർ. എന്നാൽ ഫ്ലക്സ് ബോർഡുകൾ വന്നതോടെ പല കലാകാരന്മാരും മറ്റു പല മേഖലകളിലേയ്ക്കും മാറേണ്ട അവസ്ഥയാണ് വന്നത്. പണ്ട് സ്ഥാനാർഥി നിർണ്ണയം നടത്തിക്കഴിഞ്ഞാൽ ആദ്യം ബോർഡുകളും ബാനറുകളും എഴുതുന്ന കലാകാരന്മാരെ ബുക്ക് ചെയ്യും. ഒന്പതാം ക്ലാസ് മുതൽക്കു ബാനറുകളും ബോർഡുകളും എഴുതിത്തുടങ്ങിയ താനും ആദ്യ കാലങ്ങളിൽ സാമ്പത്തിക ശ്രോതസ് കണ്ടെത്തിയിരുന്നത് ഇത്തരം വർക്കുകളിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ താവക്കര സ്വദേശിയായ ശശിധരൻ കലാജീവിതം തന്നെ തെരഞ്ഞെടുത്തപ്പോൾ ‘ശശികല' ആയിമാറുകയായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ കലോൽസവമായ സംസ്ഥാന സ്കൂൾ യുവജനോൽസവ ലോഗോ ഇദ്ദേഹത്തിന്റെ കരവിരുതിൽ വിരിഞ്ഞതോടെയാണ് സംസ്ഥാന തലത്തിൽ ഈ കലാകാരൻ ശ്രദ്ധിക്കപ്പെടുന്നത്. 2010 ൽ കോഴിക്കോട്ടെ അന്പതാമത് സംസ്ഥാന സുവർണ ജൂബിലി സ്കൂൾ കലോൽസവം, 2014 ൽ തിരൂരിൽ നടന്ന സംസ്ഥാന ശാസ്ത്രമേള, 2015 ലെ സംസ്ഥാന സ്കൂൾ കലോൽസവം തുടങ്ങി സംസ്ഥാനത്തെ വിവിധ കലാമേളകൾക്കും സംസ്ഥാന സർക്കാരിന്റെവിവിധ വകുപ്പുകൾക്കും മറ്റുമായി നൂറിലധികം ലോഗോകൾ ശശികലയുടേതായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2011 സെപ്റ്റംബർ 17 ന് കണ്ണൂരിൽ ലോകത്തെ ഏറ്റവും വലിയ പൂക്കളം ഒരുക്കി ഗിന്നസ് വേൾഡ് റെക്കോർഡിലും ലിംകബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി. കലയാണ് ഭാര്യ. മക്കൾ: കാവ്യ ശശികല, ശിൽപ ശശികല, കലേഷ് ശശികല.
രാജീവ് വെള്ളിക്കോത്ത്