കാവാലത്തിന്റെ ശകുന്തളയാകാൻ മഞ്ജു

കൊച്ചി: മഞ്ജു വാര്യര്‍ നാടകത്തില്‍ അഭിനയിക്കുന്നു. കാളിദാസന്റെ വിഖ്യാത നാടകം അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി കാവാലം നാരായണ പണിക്കര്‍ ഒരുക്കുന്ന നാടകത്തില്‍ ശകുന്തളയുടെ വേഷത്തിലാണ് മഞ്ജു എത്തുക. ഇതിനായി സംസ്‌കൃത പഠനമടക്കമുള്ള പരിശീലനത്തിനായി ഒരുങ്ങുകയാണ് മഞ്ജു വാര്യര്‍.
താന്‍ സംവിധാനം ചെയ്യുന്ന ഒരു നാടകത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം മഞ്ജു അറിയിക്കുകയായിരുന്നെന്ന് കാവാലം പറയുന്നു.'സിനിമയ്ക്കപ്പുറത്ത് അഭിനയത്തില്‍ എന്തെങ്കിലും പരീക്ഷണം നടത്താനുള്ള ആഗ്രഹമായിരിക്കാം മഞ്ജുവിന്റെ ആഗ്രഹത്തിന് പിന്നില്‍. ശകുന്തളയെ അരങ്ങില്‍ അവതരിപ്പിക്കുക അവര്‍ക്ക് ഒരു വെല്ലുവിളി ആയിരിക്കും. ഒരു അഭിനേത്രി എന്ന നിലയിലുള്ള തന്റേതായ പരിമിതികളെ ലംഘിക്കാനുള്ള ഒരു അവസരവുമായിരിക്കും മഞ്ജുവിനിത്. ഒരു അഭിനേതാവിന് ഒട്ടേറെ സാധ്യതകളൊരുക്കുന്ന കഥാപാത്രമാണ് ശകുന്തള. തന്റെ കര്‍മ്മത്തോട് അര്‍പ്പണമുള്ള, മികച്ച അഭിനേത്രിയാണ് മഞ്ജു വാര്യര്‍', കാവാലം പറയുന്നു.
ഇപ്പോള്‍ സിനിമകളുടെ തിരക്കുകളിലുള്ള മഞ്ജു ഉടന്‍തന്നെ പരിശീലനത്തിനായി കാവാലത്തിന്റെ നാടകസംഘമായ സോപാനത്തോടൊപ്പം ചേരുമെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. നേരത്തേ മോഹന്‍ലാലും മുരളിയും കാവാലം നാരായണ പണിക്കരുടെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.