ബഹ്റിനിൽ നിന്ന് കേരളത്തിലേയ്ക്ക് ‘വോട്ടു വിമാനം'

മനാമ : കേരളത്തിലെ തിരഞ്ഞെടുപ്പ് ആവേശത്തിൽ പങ്കാളികളാകാനുള്ളവർക്ക് പ്രത്യേക വിമാന സർവീസ് ഒരുക്കി കെ.എം.സി.സി പ്രവാസലോകത്തെ തെരഞ്ഞെടുപ്പുരംഗം സജീവമാക്കുന്നു. യു.ഡി.എഫ് സ്ഥാനാർഥികൾക്ക് പ്രവാസി വോട്ട് ഉറപ്പാക്കുന്നത്തിനു വേണ്ടി മെയ് 13 നാണ് കെ.എസി.സി.യുടെ ആഭിമുഖ്യത്തിൽ വോട്ട് വിമാനം കേരളത്തിലേയ്ക്ക് പറക്കുക. കെ.എം.സി.സി.യുടെ വോട്ടു വിമാനത്തിനായി ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംസ്ഥാന പ്രസിഡണ്ട് എസ്.വി.ജലീലും, ജന. സെക്രട്ടറി അസൈനാർ കളത്തിങ്ങലും അറിയിച്ചു.
കേരളത്തിൽ ഭരണത്തുടർച്ചയിലേക്കു കുതിക്കുന്ന യു.ഡി.എഫ് സർക്കാറിന് പിൻതുണയേകാന്‍ സമ്മതി ദാനാവകാശം വിനിയോഗിക്കാന്‍ പ്രവാസി സമൂഹം തയ്യാറെടുത്തു കഴിഞ്ഞതായി ഇവർ അറിയിച്ചു.
ബഹ്‌റിനിൽ നിന്നുള്ള എത്തിഹാദ് എയർവെയ്‌സ് ആൺ വോട്ടു വിമാനത്തിനായി ഏർപ്പാടക്കിയിട്ടുള്ളത്. വോട്ട് ചെയ്യാനാഗ്രഹിക്കുന്നവർക്ക് 51 ദിനാർ നിരക്കിലാണ് ഈ വിമാനത്തിൽ കെ.എം.സി.സി.യുടെ ആഭിമുഖ്യത്തിൽ പ്രത്യേക നിരക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് മെയ് 13നു രാവിലെ പുറപ്പെടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഈ വിമാനത്തിൽ പോവാന്‍ ആഗ്രഹിക്കുന്നവർ കെ.എം.സി.സി ഓഫീസിൽ നേരിട്ടു ബുക്കുചെയ്യണം. ഈ മാസം 25നുള്ളിൽ 51 ദിനാർ അടച്ചാണു ബുക്കു ചെയ്യേണ്ടത്. 13 നു രാവിലെയാണു ഫ്‌ളൈറ്റ് പുറപ്പെടുന്നത്. പ്രവാസികൾക്കു വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് കെ.എം.സി.സി ആരംഭിച്ച ഹെൽപ് ഡസ്‌കിൽ നല്ല പ്രതികരണമാണുണ്ടായിരിക്കുന്നതെന്നും കെ.എം.സി.സി ഭാരവാഹികൾ പറഞ്ഞു. നിരവധി പേരാണു വോട്ടു ചേർക്കാന്‍ എത്തിയത്.
തിരഞ്ഞെടുപ്പ് ആവേശത്തിൽ പങ്കെടുക്കാന്‍ നാട്ടിലേക്കു തിരിക്കുന്ന നിരവധിപേർ വോട്ടു വിമാനത്തെ കുറിച്ച് അന്വേഷിക്കുന്നതായും കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു. പ്രവാസ ലോകത്ത് തൊഴിൽ ചെയ്യുമ്പോഴും നാട്ടിലെ രാഷ്ട്രീയ ഭാഗധേയം നിർണയിക്കുന്നതിൽ ഓരോ പ്രവാസിയും പുലർത്തുന്ന സൂക്ഷ്മതയുടെ പ്രതിഫലനമാണ് ഓരോ തിരഞ്ഞെടുപ്പുകാലത്തും ദൃശ്യമാകുന്നത്. പ്രവാസ ലോകത്ത് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളും കൺവന്‍ഷനുകളുമെല്ലാം ആവേശത്തിനു തിരികൊളുത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പുകാലത്ത് നാട്ടിലെത്തുക, ജനങ്ങളുടെ ആവേശത്തിൽ അലിയുക എന്ന ആഗ്രഹം ഉള്ളിൽ സൂക്ഷിക്കുന്നവരാണ് ഏറെയും. അതു വോട്ടുവിമാനത്തിലെ യാത്രകൂടിയാവുമ്പോൾ ആവേശം പതിന്‍മടങ്ങാവും. വോട്ടു വിമാനത്തിൽ കരിപ്പൂരിലേക്കുള്ള യാത്രക്കായി നിരവധി പേർ ഇതിനിടെ തന്നെ പേരു നൽകിക്കഴിഞ്ഞു. താൽപ്പര്യമുള്ളവർക്ക് 39556109 എന്ന ഫോൺ നമ്പറിൽ വിളിക്കാവുന്നതാണെന്ന് കെ.എം.സി.സി അറിയിച്ചു.