താനും അനാര്‍ക്കലിയും, നിരപരാധികൾ: കരാറുകാരന്‍ കൃഷ്ണന്‍ കുട്ടി


കൊച്ചി : കൊല്ലം പരവൂര്‍ പുറ്റിംഗല്‍ വെടിക്കെട്ടപകടത്തില്‍ താനും, ഭാര്യ അനാര്‍ക്കലിയും, നിരപരാധികളാണെന്നു ചൂണ്ടിക്കാട്ടി കരാറുകാരന്‍ കൃഷ്ണന്‍ കുട്ടി ഹൈക്കോടതിയില്‍. മുന്‍കൂര്‍ ജാമ്യം തേടി സമര്‍പ്പിച്ച അപക്ഷയിലാണ് കൃഷ്ണന്‍കുട്ടി ഇക്കാര്യം അറിയിച്ചത്. അപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മരിച്ച കരാറുകാരന്‍ സുരേന്ദ്രനാണ്. ശക്തി കുറഞ്ഞ പടക്കങ്ങളാണ് തങ്ങള്‍ വെടിക്കെട്ടിന് ഉപയോഗിച്ചത്
 
പടക്കങ്ങള്‍ കൈക്കാര്യം ചെയ്യുന്നതില്‍ സുരേന്ദ്രന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണം. മുകളില്‍ പോയി പൊട്ടേണ്ട പടക്കങ്ങള്‍ താഴെ നിന്നു തന്നെ പൊട്ടിത്തെറിച്ചു. ഇക്കാര്യങ്ങളില്‍ തങ്ങളുടെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും കൃഷ്ണന്‍കുട്ടി കോടതിയില്‍ വ്യക്തമാക്കി.

അതേസമയം ക്ഷേത്രത്തില്‍ നടന്നത് മല്‍സരക്കമ്പം തന്നെയാണെന്ന് കൃഷ്ണന്‍കുട്ടി ശരി വയ്ക്കുന്നു. ഒപ്പം വന്‍ തോതില്‍ വെടിമരുന്നു ക്ഷേത്രത്തിലേക്ക് എത്തിച്ചത് സുരേന്ദ്രനാണെന്നും ആരോപിച്ചു. 107 പേര്‍ കൊല്ലപ്പെട്ട പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ കാരണക്കാരനെന്നു സംശയിക്കുന്ന കരാറുകാരന്‍ കൃഷ്ണന്‍കുട്ടി നിലവില്‍ ഒളിവിലാണ്. ഇയാള്‍ ഒളിവില്‍ കഴിഞ്ഞ ലോഡ്ജ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം കണ്ടെത്തിയെങ്കിലും, കൃഷ്ണന്‍കുട്ടി ഉദ്യോഗസ്ഥരെ വെട്ടിച്ചു കടന്നു കളയുകയായിരുന്നു. 

മല്‍സരക്കമ്പം നടത്തിയ മറ്റൊരു കരാറുകാരന്‍ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്‍ അപകടത്തില്‍ പരിക്കേറ്റ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 

You might also like

Most Viewed