കൊച്ചുമകളെ കാണാൻ മുത്തച്ഛനെ അനുവദിച്ചില്ല; മാതാവിന് 300 ദിനാർ പിഴ വിധിച്ച് ബഹ്‌റൈൻ പരമോന്നത കോടതി
പ്രദീപ് പുറവങ്കര
മനാമ: വാരാന്ത്യങ്ങളിൽ കൊച്ചുമകളോടൊപ്പം സമയം ചെലവഴിക്കാൻ മുത്തച്ഛനെ അനുവദിക്കാത്ത മാതാവിന് 300 ബഹ്‌റൈൻ ദിനാർ പിഴ ചുമത്തിയ കീഴ്ക്കോടതി വിധി ബഹ്‌റൈനിലെ പരമോന്നത കോടതിയായ കസേഷൻ കോടതി ശരിവെച്ചു.
2025-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ കാണാൻ നിയമപരമായ അവകാശമുള്ള മുത്തച്ഛനെ, മതിയായ കാരണങ്ങളില്ലാതെ തന്റെ സംരക്ഷണയിലുള്ള കുട്ടിയെ കാണുന്നതിൽ നിന്ന് തടഞ്ഞതിനാണ് മാതാവിനെതിരെ കേസെടുത്തത്.
എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ കുട്ടിയെ കാണാൻ ശരീഅത്ത് കോടതി മുത്തച്ഛന് അനുമതി നൽകിയിരുന്നു. രാത്രി തങ്ങാതെയുള്ള ഈ സന്ദർശനത്തിനായി വീടിനടുത്തുള്ള ഒരു സാമൂഹിക കേന്ദ്രത്തിൽ കുട്ടിയെ എത്തിക്കാനും തിരികെ കൊണ്ടുപോകാനും മാതാവിനോട് കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ, മതിയായ കാരണങ്ങളൊന്നുമില്ലാതെ രണ്ട് മാസത്തോളം ശരീഅത്ത് കോടതിയുടെ ഉത്തരവ് ലംഘിച്ചതിനാണ് പബ്ലിക് പ്രോസിക്യൂഷൻ ഇവർക്കെതിരെ കുറ്റം ചുമത്തിയത്.
മുത്തച്ഛൻ സാമൂഹിക കേന്ദ്രത്തിൽ കാത്തുനിന്നെങ്കിലും കുട്ടിയെ കൈമാറാൻ മാതാവ് വിസമ്മതിച്ചതായി കോടതിയിൽ വ്യക്തമായി. പ്രാഥമിക വിചാരണ വേളയിൽ ലോവർ ക്രിമിനൽ കോടതിയിൽ, സിവിൽ കോടതികളിൽ നിയമനടപടികൾ തുടരുന്നതിനായി 1,000 ബഹ്‌റൈൻ ദിനാർ താൽക്കാലിക നഷ്ടപരിഹാരം അനുവദിക്കണമെന്ന് മുത്തച്ഛൻ ആവശ്യപ്പെട്ടിരുന്നു.
തുടർന്ന്, മാതാവിന് 300 ദിനാർ പിഴ ചുമത്തിയ കോടതി, മുത്തച്ഛന്റെ സന്ദർശന അവകാശം നിഷേധിക്കുന്നത് അവസാനിപ്പിക്കാനും ഉത്തരവിട്ടു. ക്രിമിനൽ കോടതിയിൽ വെച്ച് സാമ്പത്തിക നഷ്ടപരിഹാരം അനുവദിച്ചില്ലെങ്കിലും, സിവിൽ കേസുമായി മുന്നോട്ട് പോകാൻ മുത്തച്ഛന് അനുമതി നൽകുകയും കേസ് പ്രത്യേക സിവിൽ കോടതിയിലേക്ക് മാറ്റുകയും ചെയ്തു. ഈ വിധിക്കെതിരെ മാതാവ് ഹൈ ക്രിമിനൽ അപ്പീൽ കോടതിയെയും കസേഷൻ കോടതിയെയും സമീപിച്ചെങ്കിലും വിധി ശരിവെക്കുകയായിരുന്നു.
dsfdfsdsaadfsds


