ബഹ്‌റൈനിൽ ശമ്പള കുടിശ്ശിക പരാതികളിൽ വർധന; നാല് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 2,300 ലധികം കേസുകൾ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ സ്വകാര്യ മേഖലയിൽ ശമ്പളം വൈകുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ കഴിഞ്ഞ നാല് വർഷത്തിനിടെ വൻ വർധനവുണ്ടായതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ലേബർ ആൻഡ് ലീഗൽ അഫയേഴ്സ് മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2,300-ലധികം പരാതികളാണ് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (WPS) വഴി ശമ്പള വിതരണം 99.3 ശതമാനം കാര്യക്ഷമമായി നടക്കുമ്പോഴും, ചിലയിടങ്ങളിൽ ശമ്പളം മുടങ്ങുന്നത് ഗൗരവകരമായ ആശങ്കയായി തുടരുകയാണ്.
എം.പി ഹിഷാം അൽ അവാദിയുടെ പാർലമെന്റ് ചോദ്യത്തിന് മറുപടിയായി ലേബർ ആൻഡ് ലീഗൽ അഫയേഴ്സ് മന്ത്രി യൂസിഫ് ഖലാഫ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2022-ൽ 353 പരാതികളാണ് ലഭിച്ചതെങ്കിൽ, 2023-ൽ അത് 455 ആയും 2024-ൽ 498 ആയും ഉയർന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2025-ൽ പരാതികളുടെ എണ്ണം 537-ൽ എത്തിയിട്ടുണ്ട്. ഇത് തൊഴിലാളികൾക്കിടയിൽ വർധിച്ചുവരുന്ന അവബോധത്തെയും പരാതികൾ ഉന്നയിക്കാനുള്ള പ്രവണതയെയുമാണ് സൂചിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തൊഴിലാളികളുടെ പ്രാഥമിക ഉപജീവനമാർഗമായ ശമ്പളം കൃത്യസമയത്ത് നൽകേണ്ടത് സാമൂഹികവും സാമ്പത്തികവുമായ സ്ഥിരതയ്ക്ക് അനിവാര്യമാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. 2012-ലെ 36-ാം നമ്പർ നിയമപ്രകാരം ശമ്പളം വൈകിപ്പിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുന്ന തൊഴിലുടമകൾ തൊഴിലാളികൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണ്. ആറുമാസം വരെയുള്ള കാലതാമസത്തിന് ശമ്പളത്തിന്റെ ആറ് ശതമാനം നഷ്ടപരിഹാരമായി നൽകണം. അതിനുശേഷമുള്ള ഓരോ മാസത്തിനും ഓരോ ശതമാനം വീതം വർധിച്ച് പരമാവധി പന്ത്രണ്ട് ശതമാനം വരെ പ്രതിവർഷം നഷ്ടപരിഹാരം നൽകേണ്ടി വരും.
കൂടാതെ, ന്യായമായ കാരണങ്ങളില്ലാതെ ശമ്പളം വൈകിപ്പിക്കുന്ന തൊഴിലുടമകൾക്ക് ഓരോ തൊഴിലാളിക്കും 200 മുതൽ 500 ബഹ്‌റൈനി ദീനാർ വരെ പിഴ ചുമത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നു. നിയമലംഘനം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാകും. 2019 മുതൽ നടപ്പിലാക്കിയ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴി മന്ത്രാലയം ബാങ്കുകളുമായും മറ്റ് പേയ്‌മെന്റ് സേവനദാതാക്കളുമായും ചേർന്ന് ശമ്പള വിതരണം നിരീക്ഷിക്കുന്നുണ്ട്. ഇത് ലംഘനങ്ങൾ നേരത്തെ കണ്ടെത്താനും വേഗത്തിൽ ഇടപെടാനും അധികൃതരെ സഹായിക്കുന്നു.
പരാതി ലഭിച്ചാലുടൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുമായി ചേർന്ന് മന്ത്രാലയം തൊഴിലിടങ്ങളിൽ പരിശോധന നടത്താറുണ്ട്. തൊഴിലുടമയെയും തൊഴിലാളിയെയും വിളിച്ച് വരുത്തി ഒരു പേയ്‌മെന്റ് പ്ലാൻ ഉണ്ടാക്കി പ്രശ്നം രമ്യമായി പരിഹരിക്കാനാണ് മന്ത്രാലയം മുൻഗണന നൽകുന്നത്. എന്നാൽ ഇത്തരം ചർച്ചകൾ പരാജയപ്പെടുന്ന പക്ഷം കേസുകൾ കോടതിയിലേക്ക് കൈമാറുമെന്നും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി യൂസിഫ് ഖലാഫ് വ്യക്തമാക്കി.
aa


