ബഹ്റൈൻ പ്രതിഭ സംഘടിപ്പിച്ച 'സോക്കർ കപ്പ് സീസൺ 3'ൽ ഗ്രീൻ സ്റ്റാർ ബോയ്‌സ് ബഹ്റൈൻ ജേതാക്കൾ

പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ പ്രതിഭ സംഘടിപ്പിച്ച 'സോക്കർ കപ്പ് സീസൺ 3'ൽ ഗ്രീൻ സ്റ്റാർ ബോയ്‌സ് ബഹ്റൈൻ ജേതാക്കളായി. അൽ അഹ്ലി ക്ലബ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ കൊണ്ടോട്ടി എഫ് സി കെഎംസിസിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ജിഎസ്‌ബി എഫ് സി ജേതാക്കളായത്.
പ്രതിഭ കായികവേദി ബഹ്റൈൻ കെഎഫ്എയുമായി കൂടി ചേർന്ന് സംഘടിപ്പിച്ച ടൂർണമെന്റിൽ പതിനാറ് ടീമുകൾ പങ്കെടുത്തു. ആദ്യ സെമി ഫൈനലിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ജിഎസ്ബി എഫ് സി കേരള യുണൈറ്റഡ് എഫ് സി യെ പരാജയപ്പെടുത്തി. തുടർന്ന് നടന്ന രണ്ടാം സെമിയിൽ യുണൈറ്റഡ് എഫ്.സി റിഫയും, കൊണ്ടോട്ടി എഫ്.സി കെഎംസിസിയും തമ്മിൽ നടന്ന മത്സരം നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയിൽ പിരിയുകയും തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാലു ഗോളുകൾക്ക് കൊണ്ടോട്ടി എഫ്.സി കെ.എം.സി.സി വിജയിക്കുകയും ചെയ്തു.
ജിഎസ്ബിഎഫ്സിയുടെ അജ്‌മൽ ടൂർണമെന്റിലെ ബെസ്റ്റ് പ്ലെയർ, ടോപ് സ്കോറർ, മാൻ ഓഫ് ദി മാച്ച്, ഫസ്റ്റ് ഗോൾ ഫോർ ദി ഫൈനൽ എന്നീ പുരസ്കാരങ്ങൾക്ക് അർഹനായപ്പോൾ ജിഎസ്‌ബി എഫ് സിയുടെ തന്നെ ഷിബിൻ ബെസ്റ്റ് ഡിഫൻഡറായും കൊണ്ടോട്ടി എഫ് സി കെഎംസിസിയുടെ പ്രജിത്ത് മികച്ച ഗോൾകീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.
ചാമ്പ്യന്മാർക്കുള്ള ട്രോഫി പ്രതിഭമുഖ്യരക്ഷാധികാരി പി ശ്രീജിത്തും പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മോറാഴയും ചേർന്ന് കൈമാറി. വിജയികൾക്കുള്ള ക്യാഷ് വൗച്ചർ പ്രതിഭ രക്ഷാധികാരി കമ്മിറ്റി അംഗം സുബൈർ കണ്ണൂർ കൈമാറി. റണ്ണർ അപ്പ് ട്രോഫി കെ.എഫ്.എ സെക്രട്ടറി സജാദ് സുലൈമാനും പ്രസിഡണ്ട് അർഷാദ് അഹമദും, ക്യാഷ് വൗച്ചർ പ്രതിഭരക്ഷാധികാരി കമ്മിറ്റി അംഗം സി വി നാരായണനും സമ്മാനിച്ചു.
ടൂർണമെന്റിൽ ഉടനീളം നല്ല പ്രകടനം കാഴ്‌ചവെച്ച ടീമിനുള്ള 'ഫെയർ പ്ലേ അവാർഡ് സെൻട്രൽ എഫ്.സി കാലിക്കറ്റിന് പ്രതിഭാ പ്രസിഡണ്ട് ബിനു മണ്ണിൽ കൈമാറി. കായികവേദി ജോയിന്റ് കൺവീനർ ശർമിള നന്ദി രേഖപ്പെടുത്തി.
ംനന