വി.എസിന്റെയും പിണറായിയുടെയും നന്മകൾ സമന്വയിക്കുന്ന മുഖ്യമന്ത്രി വരണം: എം. മുകുന്ദൻ

മനാമ: പിണറായി വിജയന്റേയും വി.എസ് അച്ച്യുതാനന്ദന്റേയും നന്മകൾ സമന്വയിക്കുന്ന വ്യക്തിയായിരിക്കണം കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആയി വരേണ്ടതെന്ന് പ്രമുഖ എഴുത്തുകാരനായ എം. മുകുന്ദൻ. ബഹ്റിൻ കേരളീയ സമാജം −ഡി.സി ബുക്സ് അന്താരാഷ്ട്ര പുസ്തകമേള ഉദ്ഘാടനം ചെയ്യാൻ ബഹ്റിനിലെത്തിയ അദ്ദേഹം ഇന്ന് രാവിലെ ഫോർ പി.എം ന്യൂസിനോട് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.
വി.എസ് അച്യുതാനന്ദൻ കാലഹരണപ്പെട്ട ഒരു പുണ്യവാളനാനെന്ന വിവാദ പരാമർശത്തെ കുറിച്ചു പ്രതികരിക്കവേ പാർട്ടിയിലെ ഒരു ജനകീയനും ജനപ്രിയനുമായ നേതാവാണ് വി.എസ്സെന്ന് എം. മുകുന്ദൻ പറഞ്ഞു. അദ്ദേഹത്തിന്റെ പല ആശയങ്ങളും പുതിയ കാല ഘട്ടവുമായി ചേരുന്നതല്ല എന്നാണ് താൻ അന്ന് പറഞ്ഞിരുന്നത്. പാർട്ടിയിലെ അവസാനത്തെ ജനകീയ നേതാവാണ് അദ്ദേഹം. അന്ന് വി.എസ് വളരെ നിഷ്കളങ്കമായി പ്രതികരിച്ചു. തനിക്ക് അദ്ദേഹത്തോടു കൂടുതൽ ബഹുമാനം തോന്നി. മുകുന്ദൻ പറയുന്നത് പോലെ ഈ പ്രായത്തിൽ മാറാൻ പറ്റുമോ എന്നാണ് വി.എസ്സ് അന്ന് പ്രതികരിച്ചത്.
പിണറായിയെയും വി.എസ്സിനെയും തമ്മിൽ താരതമ്യം ചെയ്യാനാവില്ല. രണ്ട് പേരും രണ്ടു തലത്തിൽ ഉള്ള ആളുകളാണ്. ഒരാൾ വളരെയധികം ജനപക്ഷത്ത് നിൽക്കുന്നു. മറ്റെയാൾ (പിണറായി) വളരെയധികം കാലത്തിന് ചേർന്ന നേതാവാണ്. അതുകൊണ്ടാണ് ഇവരുടെ രണ്ട് പേരുടെയും നന്മകൾ സമന്വയിച്ചൊരു മുഖ്യ മന്ത്രി വേണമെന്ന് പറഞ്ഞത്.
തിരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ വി.എസും പിണറായിയും ഇടഞ്ഞ് നിൽക്കലും വിഭാഗീയതയും ഉപേക്ഷിച്ച് ഒന്നിച്ച് നിൽക്കണം. ‘കേശവന്റെ വിലാപങ്ങൾ’ ഒരു ഇടത് പക്ഷ നിലപാടിൽ നിന്നുള്ള വ്യതിചലനം ആയിരുന്നില്ല. അത് വിമർശനാത്മകമായ ഒരു സമീപനം ആയിരുന്നു. ഒരാളെ സ്നേഹിച്ചു കഴിഞ്ഞാൽ അന്ധമായി ആരാധിക്കേണ്ട കാര്യമില്ല. കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കാൻ കഴിയണം. ഇടതു പക്ഷത്തോടുള്ള സ്നേഹവും ബഹുമാനവും വെച്ചു കൊണ്ട് തന്നെ അവരുടെ തെറ്റുകൾ താൻ ചൂണ്ടിക്കാട്ടാൻ ശ്രമിച്ചിട്ടുണ്ടെന്ന് മുകുന്ദൻ പറഞ്ഞു. ആ ഒരു കാലത്ത് (അറുപതുകളിൽ) എല്ലാവരും ഇടതു പക്ഷക്കാരായിരുന്നു. ‘ ഞാൻ പാർട്ടി മെന്പറല്ല. പാർട്ടി പ്രവർത്തകനുമല്ല. അനുഭാവി ആണെന്ന് പറയാം. മുകുന്ദൻ വ്യതമാക്കി.
ഉമ്മൻ ചാണ്ടിയുടെ ആദ്യത്തെ ആറ് മാസം ഗംഭീരമായ പ്രകടനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എത്ര പെട്ടെന്നാണ് സ്മാർട്ട് സിറ്റി പ്രായോഗികമാക്കിയത്. കൊച്ചി മെട്രോ, വിഴിഞ്ഞം, കണ്ണൂർ വിമാനത്താവളം അങ്ങനെ എടുത്തു പറയാൻ ഒരുപാട് നേട്ടങ്ങൾ ഉണ്ട്. പക്ഷെ, ആഭ്യന്തര പ്രശങ്ങൾ, കുടുംബ കലഹങ്ങൾ തുടങ്ങിയവ കാരണം പിന്നീട് അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന് മുന്നണിയിലെ പ്രശങ്ങളും, മാണിയുമായി ബന്ധപ്പെട്ട പ്രശനങ്ങളുമൊക്കെ വിനയായി. ഇക്കാലത്ത് ജനങ്ങൾ എല്ലാം കാണുന്നുണ്ട്. ടെലിവിഷനാണ് അതിനൊരു കാരണം. രാഷ്ട്രീയ പാർട്ടികൾക്ക് പറ്റുന്ന ഒരു മണ്ടത്തരം പുതിയ തലമുറയുടെ പ്രശ്നങ്ങളെ അവഗണിക്കുന്നു എന്നതാണ്. യുവത്വത്തോട് പഴയ കാര്യങ്ങൾ പറഞ്ഞിട്ട് കാര്യമില്ല. ചരിത്രം മറക്കണം എന്നല്ല പറയുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ പോകുന്നത് അഭ്യസ്തവിദ്യരായ യുവത്വമാണ്. ആ യുവത്വത്തെ മുഖ്യ ധാരയിലെ പാർട്ടികൾ കാണുന്നില്ല. ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ‘യുവ തലമുറയെ വഴി തെറ്റിച്ചു എന്ന ആരോപണത്തിനു അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
മാഹി കേരളത്തിൽ ലയിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ആദ്ദേഹം വ്യക്തമാക്കി. പക്ഷെ അതിന് നാട്ടുകാർ സമ്മതിക്കണം എന്നില്ല, കേരളത്തിൽ മദ്യം നിരോധനം വന്നതോടെ മാഹിയിലേയ്ക്ക് ആളുകൾ ഒഴികുകയാണ്. വൈകുന്നേരത്തോടെ ട്രെയിനിലും ബസ്സുകളിലും ആളുകൾ എത്തുന്നു. മാഹിയിൽ ഒരുപാടു അസ്വസ്ഥതകൾ അതു ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നോവൽ കുട നന്നാക്കുന്ന ചോയിക്ക് നല്ല സ്വീകരണം ലഭിച്ചതായി മുകുന്ദൻ പറഞ്ഞു. ആ നോവൽ നാട്ടു മൊഴികൾ തിരിച്ചു പിടികാനുള്ള ഒരു ശ്രമമാണ്. വായനക്കാർ അത് നന്നായി സ്വീകരിച്ചു. പുറത്തിറങ്ങി ഇരുപതു ദിവസത്തിനകം ഒരു പതിപ്പ് വിറ്റു തീർന്നു. പുതിയ തലമുറയിലെ എഴുത്തുകാരെ കുറിച്ചു ഏറെ പ്രതീക്ഷകൾ ഉണ്ട്. വായന മരിക്കില്ല. വായിക്കണം എന്നുള്ള നിർബന്ധം പുതിയ തലമുറയിൽ കണ്ടു വരുന്നു. സ്കൂളിലും മറ്റും പഠിക്കുന്ന കുട്ടികൾ എന്റെ പുസ്തകങ്ങൾ വായിക്കുന്നുണ്ട്. അത് പുതിയൊരു പ്രവണത ആണ്. സോഷ്യൽ മീഡിയ നല്ലൊരു പ്ലാറ്റ് ഫോംആണെങ്കിലും അത് ഇന്ന് മലയാളികൾ ദുരുപയോഗം ചെയ്യുന്നു. ബ്ലാക്ക് മെയിലിംഗ്, ഫോട്ടോ മോർഫിംഗ് അങ്ങനെയുള്ള കാര്യങ്ങൾക്ക് അവ ദുരുപയോഗം ചെയ്യപ്പെടുന്നു. അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയ അപകടകരമായ ഒന്നാണെന്ന ധാരണ ഉണ്ടെന്ന് മുകുന്ദൻ പറഞ്ഞു. കേരളത്തിനു പുറത്തു ഇത്രയും വലിയ പുസ്തക മേള സംഘടിപ്പിക്കാൻ കഴിഞ്ഞത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.