കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന വാർത്ത തള്ളി ബിസിസിഐ


ന്യൂഡൽഹി: വരുന്ന ടി−20 ലോകകപ്പിനു ശേഷം വിരാട് കോലി ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന വാർത്തകൾ തള്ളി ബിസിസിഐ. ബിസിസിഐ ട്രഷറർ അരുൺ ധുമാലാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ഫോർമാറ്റിലും കോലി തന്നെ ഇന്ത്യൻ നായകനായി തുടരുമെന്ന് അരുൺ ധുമാൽ അറിയിച്ചു. “ഇത് അസംബന്ധമാണ്. അങ്ങനെയൊന്നും സംഭവിക്കുന്നില്ല. ഇത് മാധ്യമങ്ങൾ മാത്രം പറയുന്ന കാര്യമാണ്. ക്യാപ്റ്റൻസി മാറുന്നതിനെപ്പറ്റി ഇതുവരെ തങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ല. വിരാട് തന്നെ എല്ലാ ഫോർമാറ്റിലും ക്യാപ്യനായി തുടരും.”− അരുൺ ധുമാൽ അറിയിച്ചു.

ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധിക്കാനായി കോലി സ്ഥാനം ഒഴിയുമെന്നും കോലിക്ക് പകരം രോഹിത് ക്യാപ്റ്റനാവും എന്നുമായിരുന്നു റിപ്പോർട്ടുകൾ. നിലവിൽ ടീമിൻ്റെ വൈസ് ക്യാപ്റ്റനാണ് രോഹിത്. ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന വിവരം ഏറെ വൈകാതെ കോലി അറിയിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെ അഞ്ച് തവണ ക്യാപ്റ്റനാക്കിയ താരമാണ് രോഹിത്. കോലിയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ നയിച്ചിട്ടുള്ള രോഹിത് ഏഷ്യാ കപ്പ് ഉൾപ്പെടെയുള്ള കിരീടങ്ങൾ നേടിയിട്ടുമുണ്ട്.

കഴിഞ്ഞ ദിവസം ടി−20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ ടീമിൽ സ്പിന്നർ ആർ അശ്വിൻ ടീമിൽ തിരിച്ചെത്തിയതാണ് ലോകകപ്പ് ടീമിലെ സർപ്രൈസ്. സൂര്യകുമാർ യാദവ് ടീമിൽ സ്ഥാനം നിലനിർത്തി. ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല. ലോകേഷ് രാഹുൽ രോഹിതിനൊപ്പം ഓപ്പൺ ചെയ്യും. ധവാന് ഇടം ലഭിച്ചില്ല. യുസ്‌വേന്ദ്ര ചഹാലിന് സ്ഥാനം നഷ്ടമായി. രാഹുൽ ചഹാറാണ് പകരം ടീമിലെത്തിയത്. ജഡേജക്കൊപ്പം സ്പിൻ ഓൾറൗണ്ടറായി അക്സർ പട്ടേൽ ടീമിലെത്തിയതും വരുൺ ചക്രവർത്തി ടീമിൽ ഇടം പിടിച്ചതും അപ്രതീക്ഷിതമായി. ബുംറ, ഭുവി, ഷമി എന്നിവരാണ് പേസർമാർ. ശ്രേയസ് അയ്യർ, ഷർദുൽ താക്കുർ, ദീപക് ഛാഹർ എന്നിവരാണ് സ്റ്റാൻഡ്ബൈ പ്ലെയേഴ്സ്.

You might also like

Most Viewed