ഇന്ത്യയ്ക്കെതിരായ ഏക ട്വന്റി20യിൽ വിൻഡീസിന് ഒൻപതു വിക്കറ്റ് വിജയം

കിങ്സ്റ്റൺ (ജമൈക്ക) : ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ ഏക ട്വന്റി20യിൽ വെസ്റ്റ് ഇൻഡീസിന് ഒൻപതു വിക്കറ്റ് വിജയം. ഇവിൻ ലൂയിസിന്റെ മികച്ച ബാറ്റിങ് പ്രകടനമാണ് (62 പന്തിൽ 125) ആതിഥേയർക്ക് ഉജ്വല വിജയം സമ്മാനിച്ചത്.
ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. 20 ഓവറിൽ ആറിനു 190 എന്ന ഇന്ത്യൻ സ്കോറിനു മറുപടിയായി തുടക്കം മുതൽ ഇവിൻ ലൂയിസ് ആഞ്ഞടിച്ചു. 12 സിക്സറും ആറു ബൗണ്ടറിയും ഉൾപ്പെട്ടതാണ് ഇന്നിങ്സ്.
ഏറെക്കാലത്തിനു ശേഷം രാജ്യാന്തര ട്വന്റി20യിലേക്കു തിരിച്ചെത്തിയ ക്രിസ് ഗെയ്‌ൽ (18) വിക്കറ്റാണ് വിൻഡീസിന് നഷ്ടമായത്. പിന്നാലെയെത്തിയ മർലോൺ സാമുവൽസ് (36) ലൂയിസിനൊപ്പം ചേർന്നു വിൻഡീസിനെ വിജയത്തിലെത്തിച്ചു.
നേരത്തെ, ക്യാപ്റ്റൻ കോഹ്‌ലി(39) ധവാൻ(23) എന്നിവർ ചേർന്നു ഇന്ത്യയ്ക്കു നൽകിയത് മികച്ച തുടക്കമായിരുന്നു. ഋഷഭ് പന്ത് (38), ദിനേഷ് കാർത്തിക് (48) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.