താമസ, തൊഴിൽ അതിർത്തി സുരക്ഷാ നിയമലംഘനം; കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സൗദിയിൽ അറസ്റ്റിലായത് 16,695 വിദേശികൾ


താമസ, തൊഴിൽ അതിർത്തി സുരക്ഷാ നിയമലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയിൽ അറസ്റ്റിലായത് 16,695 വിദേശികൾ. സൗദി ആഭ്യന്തര മന്ത്രാലയവും വിവിധ അന്വേഷണ ഏജൻസികളും സംയുക്തമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഒക്ടോബർ 26 മുതൽ നംവബർ ഒന്ന് വരെ നടത്തിയ പരിശോധന രാജ്യത്തെ നിയമലംഘകരെ കണ്ടെത്താൻ സഹായകമായി. 10,518 പേർ താമസ നിയമ ലംഘനത്തിലും 3953 പേർ അതിർത്തി സുരക്ഷാ നിയമലംഘനത്തിനും 2224 പേർ തൊഴിൽ നിയമ ലംഘനത്തിന്റെ പേരിലുമാണ് അറസ്റ്റിലായത്. അതിർത്തി കടന്ന് സൗദി അറേബ്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 783 പേരും പിടിയിലായിട്ടുണ്ട്. അറസ്റ്റിലായവരിൽ 57 ശതമാനം പേരും യെമൻ സ്വദേശികളാണ്. 42 ശതമാനം പേർ എത്യോപ്യക്കാരാണ്. ഒരു ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 

താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് സൗകര്യമൊരുക്കിയ 18 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ സൗദി അറേബ്യയിൽ ഇത്തരം നിയമലംഘനങ്ങളുടെ പേരിൽ 42,358 പുരുഷന്മാരും 7,532 സ്ത്രീകളും ഉൾപ്പെടെ 49,890 പേർ നിയമനടപടികൾ നേരിടുന്നുണ്ട്. നിയമനടപടികൾ നേരിടുന്നവരുടെ യാത്രാ രേഖകൾ ലഭിക്കുന്നതിന് അതത് നയതന്ത്ര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിയമം ലംഘിച്ച് രാജ്യത്ത് എത്തുന്നവരെ സഹായിക്കുന്നവർക്ക് ആഭ്യന്തരമന്ത്രാലയം കടുത്ത മുന്നറിയിപ്പ് നൽകി. ഏത് വിധേനയുള്ള സഹായം ചെയ്യുന്നവരും നിയമനടപടി നേരിടുമെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. 15 വർഷം വരെ തടവും പരമാവധി 1 ദശലക്ഷം റിയാൽ പിഴയും ലഭിക്കും. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഉൾപ്പെട്ടിരിക്കുന്ന വാഹനങ്ങളോ താമസ സൗകര്യങ്ങൾ എന്നിവ കണ്ടുകെട്ടുമെന്നും അധികൃതർ അറിയിച്ചു. 

You might also like

  • Straight Forward

Most Viewed