ഇന്ത്യ ഡിആർഎസിൽ കൃത്രിമത്വം കാണിക്കുന്നുവെന്ന് പാകിസ്താൻ മുൻ താരം ഹസൻ റാസ


ഇന്ത്യ ഡിആർഎസിൽ കൃത്രിമത്വം കാണിക്കുകയാണെന്ന് പാകിസ്താൻ മുൻ താരം ഹസൻ റാസ. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ കൂറ്റൻ മാർജിനിൽ വിജയിച്ചതിനു പിന്നാലെ പാകിസ്താനിൽ നടന്ന ഒരു ടെലിവിഷൻ ചർച്ചക്കിടെയാണ് ഹസൻ റാസയുടെ വിചിത്ര പരാമർശം.

“ജഡേജ അഞ്ച് വിക്കറ്റെടുത്തു, കരിയറിലെ ഏറ്റവും നല്ല പ്രകടനം. നമ്മൾ ടെക്നോളജിയെപ്പറ്റി പറയുമ്പോൾ, വാൻ ഡർ ഡസ്സൻ ബാറ്റ് ചെയ്യുമ്പോൾ പന്ത് ലെഗ് സ്റ്റമ്പിൽ കുത്തി മിഡിൽ സ്റ്റമ്പിൽ കൊള്ളുന്നതായി കാണിക്കുന്നു. അതെങ്ങനെ നടക്കും? ഇംപാക്ട് ഇൻ ലൈൻ ആയിരുന്നെങ്കിലും പന്ത് ലെഗ് സ്റ്റമ്പിലേക്കായിരുന്നു പോകുന്നത്. ഞാൻ എൻ്റെ അഭിപ്രായം പറയുന്നു. അത്രേയുള്ളൂ. ഇങ്ങനെയുള്ള കാര്യങ്ങൾ പരിശോധിക്കണം. ഡിആർസിൽ കൃത്രിമത്വം കാണിക്കുന്നുണ്ടെന്നത് വ്യക്തമാണ്.”- ഹസൻ റാസ പറഞ്ഞു.

മുൻപും ഇന്ത്യക്കെതിരെ ഹസൻ റാസ രംഗത്തുവന്നിരുന്നു. ലങ്കക്കെതിരായ ഇന്ത്യയുടെ മത്സരത്തിനു പിന്നാലെയായിരുന്നു ഹസൻ റാസയുടെ ആദ്യ ആരോപണം.

‘ടിവി ഷോ അവതാരകൻ്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഹസൻ. ‘ഇന്ത്യൻ ബൗളർമാർ എറിയുന്നത് വ്യത്യസ്തമായ പന്തിലാവാൻ സാധ്യതയുണ്ടോ? കാരണം, ഇന്ത്യൻ ബൗളർമാർക്ക് ലഭിക്കുന്ന സീമും സ്വിങും അപാരമാണ്.’- അവതാരകൻ ചോദിച്ചു. ഈ ചോദ്യത്തിനാണ് ഹസൻ റാസ മറുപടി പറഞ്ഞത്. ‘ഇന്ത്യ ബാറ്റ് ചെയ്യുമ്പോൾ പന്ത് സാധാരണ രീതിയിലാണ് പെരുമാറുന്നത്. പക്ഷേ, അവർ പന്തെറിയാൻ തുടങ്ങുമ്പോൾ സീമും സ്വിങ്ങും കാണാം. ചില ഡിആർഎസ് തീരുമാനങ്ങളും ഇന്ത്യക്ക് അനുകൂലമായി. ഐസിസിയാണോ ബിസിസിഐ ആണോ അമ്പയർമാരാണോ ഇന്ത്യയെ സഹായിക്കുന്നതെന്ന് അറിയില്ല. എക്സ്ട്രാ കോട്ടിങ് ഉള്ള പന്തുപോലെ തോന്നുന്നു. ഇന്ത്യൻ ഇന്നിംഗ്സ് കഴിയുമ്പോൾ പന്ത് മാറ്റുന്നുണ്ടെന്ന് സംശയിക്കണം.”- ഹസൻ റാസ പറഞ്ഞു.

You might also like

Most Viewed