ഭീമ കൊറെഗാവ് കേസ്: ആനന്ദ് തെൽതുംബ്ഡെക്ക് ജാമ്യം

ഭീമ കൊറെഗാവ് കേസിൽ യു.എ.പി.എ ചുമത്തി ജയിലിലടച്ച ഐ.ഐ.ടി മുൻ പ്രഫസറും ചിന്തകനുമായ ആനന്ദ് തെൽതുംബ്ഡെക്ക് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചു. 2020 ഏപ്രിലിലാണ് സാമൂഹിക പ്രവർത്തകൻ ഗൗതം നവലഖയോടൊപ്പം പ്രഫ. ആനന്ദ് തെൽതുംബ്ഡെയും അറസ്റ്റിലായത്. ജാമ്യം അനുവദിച്ചെങ്കിലും എൻ.ഐ.എക്ക് ജാമ്യത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ ഒരാഴ്ച സമയം നൽകിയിട്ടുണ്ട്. ഇതിന് ശേഷം മാത്രമേ ആനന്ദ് തെൽതുംബ്ഡെക്ക് ജയിൽ മോചനത്തിൽ നടപടിയുണ്ടാകൂ. ലക്ഷം രൂപയുടെ ആൾജാമ്യത്തിലാണ് ജസ്റ്റിസ് എ.എസ്. ഗഡ്കരി, ജസ്റ്റിസ് എം.എൻ. ജാദവ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ജാമ്യം അനുവദിച്ചത്.
ഭീക കൊറേഗാവ് കേസിൽ ജാമ്യം ലഭിക്കുന്ന മൂന്നാമത്തെയാളാണ് പ്രഫ. തെൽതുംബ്ഡെ. നേരത്തെ, കവി വരവരറാവുവിന് മെഡിക്കൽ ജാമ്യവും അഭിഭാഷക സുധ ഭരദ്വാജിന് സ്വാഭാവിക ജാമ്യവും അനുവദിച്ചിരുന്നു. കേസിൽ തെൽതുംബ്ഡെക്കൊപ്പം അറസ്റ്റിലായ സാമൂഹിക പ്രവർത്തകൻ ഗൗതം നവലഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും നടപ്പായിട്ടില്ല.
gdfhg