മുടക്ക് മുതൽ തിരിച്ചു കൊടുക്കുന്ന ഇടമാണ് മലയാള സിനിമയെന്ന് ബി ഉണ്ണികൃഷ്ണൻ

മനാമ: വാണിജ്യ സിനിമകൾക്ക് പറ്റിയ ഇടമാണ് ഇന്ന് കേരളമെന്ന് പ്രമുഖ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. മറ്റ് ഭാഷാ ചിത്രങ്ങളെ അപേക്ഷിച്ച് നാല് ശതമാനത്തോളം വിജയ സാധ്യത മലയാള സിനിമകൾക്ക് ഉണ്ടെന്നും, ഇത് തിരിച്ചറിഞ്ഞാണ് വലിയ ബാനറുകൾ കഴിഞ്ഞ അഞ്ച് വർഷത്തിനിപ്പുറം കേരളത്തിലേയ്ക്ക് വരുന്നതെന്നും മുൻ ഫെഫ്കാ ജനറൽ സെക്രട്ടറി കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിലെത്തിയ ബി ഉണ്ണികൃഷ്ണൻ ഫോർ പി എം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആണ് ഈ കാര്യം വെളിപ്പെടുത്തിയത്.
സിനിമയെ ഒരു വ്യവസായമായിട്ടു കൂടി കാണേണ്ടതുണ്ട്. ഇതിന് വേണ്ടി പൈസ മുടക്കുന്നവർക്ക് ആ പണം തിരികെ നൽകേണ്ടതിന്റെ ബാധ്യത സിനിമ പ്രവർത്തകർക്ക് ഉണ്ട്. മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വയക്കോം 18 മോഷൻ പിക്ചേഴ്സിന് വേണ്ടി കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമ ചെയ്യാൻ സാധിച്ചത് വലിയ അനുഭവമായിരുന്നു. അതിന്റെ വിജയാഘോഷത്തിൽ പങ്കെടുത്തുന്പോൾ അതിന്റെ സി ഇ ഒ തന്നെ ഈ സിനിമയുടെ വിജയത്തെ ഏറെ സന്തോഷത്തോടെ കാണുകയും, ഇനിയുള്ള തന്റെ ചിത്രങ്ങളുടെ നിർമ്മാണ ഉത്തരവാദിത്വവും വാഗ്ധാനം ചെയ്തത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഇതിനു മുന്പും വലിയ നിരവധി ബാനറുകൾക്കൊപ്പവും നിർമ്മാതാക്കൾക്കൊപ്പവും ജോലി ചെയ്യാൻ സാധിച്ചതിൽ ഏറെ അഭിമാനിക്കുന്നുണ്ട്. അതോടൊപ്പം ഇന്ന് നൂറ് കോടി ക്ലബ്ബിലേയ്ക്ക് മലയാള ചിത്രങ്ങൾ കടന്നു വരുന്പോൾ പുതുതായി ഈ രംഗത്തേക്ക് കടന്നു വരുന്ന നിർമാതാക്കൾക്കും ഏറെ ആത്മവിശ്വാസം നൽകുന്നുണ്ട്.
പുതുതായി മലയാള സിനമയിലേയ്ക്ക് കടന്നു വരുന്നതും ഏറെ കഴിവുള്ളവർ ആണ്. അവർക്ക് മുന്പുള്ളവരെ പോലെ സിനിമ ഇപ്പോൾ വിദൂരമായ സ്വപ്നമല്ല. ആരുടെയും വാതിൽ മുട്ടി ഇവർക്ക് കാത്ത് നിൽക്കേണ്ടി വരുന്നില്ല. ഒരു ഫോൺ ഉണ്ടെങ്കിൽ പോലും ശ്രദ്ധ പിടിച്ചു പറ്റുന്ന കലാസൃഷ്ടികൾ പുറത്ത് എത്തിക്കുവാൻ ഇന്ന് സാധിക്കുന്നുണ്ട്. സിനിമ കാണുക എന്ന അവസ്ഥ ഇനിയും ഏറെ മാറാൻ പോവുകയാണ്. കൊട്ടകകളിൽ തറ ടിക്കറ്റ് എടുത്ത് സിനിമ കണ്ടിരുന്ന ഇടത്തിൽ നിന്ന് സമൂഹം ഏറെ മാറി കഴിഞ്ഞു. അതേ സമയം മൊബൈൽ ഫോൺ അടക്കമുള്ള ഡിജിറ്റൽ ഇടങ്ങളിൽ സിനിമകൾ ഡൗൺലോഡ് ചെയ്തു കാണുന്പോൾ തന്നെ തീയറ്ററിൽ പോയാൽ മാത്രമേ ചില സിനിമകൾ എങ്കിലും ആസ്വദിക്കാൻ സാധിക്കൂ എന്ന ഒരു ധാരണയിലേയ്ക്ക് പ്രേക്ഷകരും എത്തി തുടങ്ങിയിട്ടുണ്ട്. തിയറ്ററിൽ വലിയ ചിത്രങ്ങൾ കാണുവാൻ ആണ് അവരെത്തുന്നത് എന്ന വ്യത്യാസം മാത്രമേ ഉള്ളൂ. അത്തരം വലിയ ചിത്രങ്ങളിലായിരിക്കും മലയാളമടക്കമുള്ള ഭാഷ സിനിമകളുടെ ഭാവിയെന്നും ബി. ഉണ്ണികൃഷ്ണണൻ പറഞ്ഞു.
നാടകവും നോവലും തമ്മിലുള്ള വ്യത്യാസം പോലെയാണ് തിയറ്ററിൽ പോയി സിനിമ കാണുന്നതും, മറ്റ് ഇടങ്ങളിൽ നിന്ന് കാണുന്നതും. തിയറ്ററിൽ ഒരാൾകൂട്ടത്തോടൊപ്പം ഒന്നിച്ചിരുന്നു കാണുന്നതിന്റെ സുഖം തനിയെ ഇരുന്ന് കാണുന്പോൾ കിട്ടില്ല എന്നതാണ് യാത്ഥാർത്ഥ്യം. രഹസ്യമായി ഈ കലാരൂപം കാണുന്നത് ഒരു പോൺ സിനിമ കാണുന്നത് പോലെയാണ്. അവിടെ ഒരിക്കലും സിനിമയുടെ വൈബ് കിട്ടില്ല. കാണികൾക്കൊപ്പം ഇരുന്ന് സിനിമ കാണുന്പോഴാണ് അതിന്റെ തെറ്റും ശരിയും സംവിധായകർ പോലും തിരിച്ചറിയുന്നത്.
കുറ്റന്വേഷണ കഥകൾ ഏറെ ഇഷ്ടപ്പെടുന്നയാളാണ് താനെന്നും അത് തന്റെ പല സിനിമകളെയും സ്വാധീനിച്ചിട്ടുണ്ടെന്നും പറഞ്ഞ ബി ഉണ്ണികൃഷ്ണൻ, സസ്പെൻസ് എന്നൊരു സംഗതി സിനിമയിലോ മറ്റ് ഏത് സാഹിത്യസൃഷ്ടിയിലോ ഉണ്ടെങ്കിൽ അത് ആസ്വാദകൻ ഏറ്റെടുക്കുമെന്നത് ഉറപ്പാണെന്നും അഭിപ്രായപ്പെട്ടു. ഒരു വാതിൽ തുറക്കുന്പോൾ അതിനപ്പുറത്ത് ആരാണ് എന്ന് അറിയാതെ നിൽക്കുന്നതിൽ ഒരു ത്രിൽ ഉണ്ട്. അത് സിനിമകൾക്കും ബാധകമാണ്. സിനിമയിലെ സംഘടനകൾക്കിടയിലുള്ള യോജിപ്പും വിയോജിപ്പും സ്വാഭാവികമാണെന്നനും, അതൊക്കെ ജനാധിപത്യത്തിൽ സാധാരണയാണെന്നും പറഞ്ഞ ഉണ്ണികൃഷ്ണൻ പാർവതി പോലെയുള്ള നടിമാർ പ്രതിഭയുള്ളവരാണെന്നും അവരെ ആരെങ്കിലും ഒതുക്കി എന്നൊക്കെ പറയുന്നതിൽ അര്ത്ഥമില്ലെന്നും അഭിപ്രായപ്പെട്ടു. അതിന്റെ തെളിവ് കൂടിയാണ് ഉയരെ എന്ന അവരുടെ പുതിയ ചിത്രം.
പുതിയ പ്രൊജക്ടുകൾ ഏറ്റെടുക്കുന്നതിന് മുന്പുള്ള ഒരു ബ്രെയ്ക്കിലാണ് താൻ ഇപ്പോഴെന്ന് പറഞ്ഞ അദ്ദേഹം എഴുത്താണ് തന്നെ രസിപ്പിക്കുന്ന ഘടകമെങ്കിലും സംവിധാനത്തിൽ സിനിമയുടെ എല്ലാ ഭാഗത്തും ശ്രദ്ധ പതിപ്പിക്കാനുള്ള സാധ്യത ഉണ്ടെന്നും അതാണ് ആ മേഖലയിലേയ്ക്ക് എത്തുവാനുള്ള കാരണമെന്നും കൂട്ടിചേർത്തു. സംവിധായകനാകാൻ വലിയ ക്ഷമാശീലം ആവശ്യമുണ്ട്. ഒപ്പം കൂടെയുള്ളവരെ നന്നായി മാനേജ് ചെയ്യാനും ഒരു സംവിധായകന് സാധിക്കേണ്ടതുണ്ട്. പ്രവാസ ലോകത്ത് നിന്ന് പണം നൽകി അഭിനയിക്കാനൊക്കെ തയ്യാറെടുക്കുന്നവരോട് അത്തരം ചതികളിൽ പെട്ടു പോകരുതെന്ന മുന്നറിയിപ്പ് കൂടി നൽകിയാണ് ബി ഉണ്ണികൃഷ്ണൻ അഭിമുഖം അവസാനിപ്പിച്ചത്.
അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്